രാജസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പാഠ്യപദ്ധതിയില്‍ ഇനി മുതല്‍ ഭഗവത് ഗീതയും

Published On: 16 April 2018 12:00 PM GMT
രാജസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പാഠ്യപദ്ധതിയില്‍ ഇനി മുതല്‍ ഭഗവത് ഗീതയും

ജയ്പ്പൂര്‍: രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വ്വീസിന്റെ പുതുക്കിയ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീതയില്‍ നിന്നുള്ള ഭാഗങ്ങളും. 2018 ലെ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള ജനറല്‍ നോളജ്, ജനറല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് ഭഗവത് ഗീതയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭരണ നിര്‍വഹണത്തിലും മാനേജ്‌മെന്റിലും ഭഗവത് ഗീതയുടെ പങ്ക് എന്ന യൂണിറ്റാണ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണ നിര്‍വഹണവും മാനേജ്‌മെന്റ് എന്ന വിഷയത്തിലെ 18 അദ്ധ്യായങ്ങളില്‍ കുരുക്ഷേത്ര യുദ്ധത്തിനു മുന്നേ കൃഷ്ണനും അര്‍ജുനനും നടത്തുന്ന സംഭാഷണമാണ് കൊടുത്തിരിക്കുന്നത്. ഭഗവത് ഗീത കൃത്യമായി മനസിലാക്കിയവര്‍ക്ക് മാത്രമെ ഈ ഭാഗത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനാകൂ.
രാജസ്ഥാന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനാണ് പാഠ്യപദ്ധതി പുതുക്കിയത്. ഭഗവത് ഗീത കൂടാതെ മഹാത്മാ ഗാന്ധിയുടെ ജീവിതത്തില്‍ നിന്നുള്ള ഭാഗങ്ങള്‍, ദേശീയ നേതാക്കളുടെ ജീവിത രേഖ, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവയും പുതുക്കിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top Stories
Share it
Top