ഇനിയും സവര്‍ണ്ണര്‍ ആക്രമണം തുടര്‍ന്നാല്‍ ഞങ്ങള്‍ ഇസ്ലാമായേക്കും; രാജസ്ഥാനിലെ ദളിതര്‍ പറയുന്നു

Published On: 2018-04-05 07:15:00.0
ഇനിയും സവര്‍ണ്ണര്‍ ആക്രമണം തുടര്‍ന്നാല്‍ ഞങ്ങള്‍ ഇസ്ലാമായേക്കും; രാജസ്ഥാനിലെ ദളിതര്‍ പറയുന്നു

കരൗലി: സവര്‍ണ്ണരോടൊപ്പമാണ് പൊലീസും ഭരണകൂടവും എന്ന് രാജസ്ഥാനിലെ ഹിന്ദുവാന്‍ നഗരത്തിലെ ദളിതര്‍. രണ്ട് ദിവസം മുമ്പ് സവര്‍ണ്ണര്‍ ആക്രമണം നടത്തിയതിനെതിരെ നടത്തിയ യോഗത്തിലാണ്‌ ദളിതര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

രാജസ്ഥാനിലെ കരൗലി ജില്ലയിലെ ഹിന്ദുവാന്‍ നഗരത്തില്‍ ആയിരക്കണക്കിന് ദളിതര്‍ തിങ്ങിനിറഞ്ഞാണ് ജീവിക്കുന്നത്. ദളിത് സംഘടനകളുടെ ഭാരത ബന്ദിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ശേഷമായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്.

'ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ദളിതര്‍ തന്നെയെന്ന് ഉറപ്പ് വരുത്തിയാണ് അവര്‍ ആക്രമിക്കുന്നത്. അവരെല്ലാവരും ഉയര്‍ന്ന ജാതിയില്‍പെട്ടവരാണ്. സ്ത്രീകളെ പോലും അവര്‍ മാറ്റി നിര്‍ത്തുന്നില്ല' യോഗത്തിനെത്തിയ അശ്വിനി ജാദവ് പറഞ്ഞു. എംഎല്‍എയുടെ വീടുകള്‍ വരെ കത്തിക്കുന്നു. പിന്നെ അവര്‍ക്ക് ഞങ്ങളാണോ പ്രശ്‌നം. സവര്‍ണ്ണരുടേതാണ് പൊലീസും ഭരണകൂടവും എല്ലാം. ഭൂരിപക്ഷം മാധ്യമങ്ങള്‍ പോലും അവരുടെ ഭാഗമേ പറയുന്നുള്ളു എന്നും അശ്വിനി ജാദവ് പറഞ്ഞു.

ഞങ്ങളെ മാത്രം പ്രത്യേകം ലക്ഷ്യമിട്ടിരിക്കുകയാണ് സവര്‍ണ്ണര്‍. അവര്‍ ഞങ്ങള്‍ക്കെതിരെ അവര്‍ ഒന്നിച്ചിരിക്കുകയാണ്. ഇനിയും സവര്‍ണ്ണര്‍ ആക്രമണം തുടര്‍ന്നാല്‍ ഞങ്ങള്‍ ഇസ്ലാമായേക്കും എന്ന് പുഷ്‌പേന്ദ്ര യാദവ് എന്ന ദളിത് സംഘാടകന്‍ പറഞ്ഞു.സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരെ ബോധപൂര്‍വ്വം ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പ്രതിഷേധയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഹിന്ദുത്വ ശക്തികളാണെന്നും ആരോപണമുയര്‍ന്നു.

Top Stories
Share it
Top