കര്‍ണാടക ഗവര്‍ണര്‍ക്കതിരെ സുപ്രീംകോടതിയെ സമീപിച്ച് രാം ജഠ്മലാനി

Published On: 17 May 2018 8:45 AM GMT
കര്‍ണാടക ഗവര്‍ണര്‍ക്കതിരെ സുപ്രീംകോടതിയെ സമീപിച്ച് രാം ജഠ്മലാനി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനായി യെദ്യൂരപ്പയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ നിയമവിദഗ്ദന്‍ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണര്‍ തന്റെ നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും മലാനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ല തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.


ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മലാനി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ രാം ജഠ്മലാനിയോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എ കെ സിക്രി, എ ഹോഹ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് നാളെ രാവിലെ 10 മണിക്ക് കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി മലാനിയെ നിര്‍ദേശിച്ചത്.


യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇന്ന് പുലര്‍ച്ചെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ കോടതി കൂടുതല്‍ വാദം കേള്‍ക്കാന്‍ ഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Top Stories
Share it
Top