യു.പിയില്‍ ഒന്നിക്കുമ്പോള്‍ മായാവതി മറന്നുകളയുന്നത്

തെരഞ്ഞെടുപ്പില്‍ 177 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ ആര്‍ക്കും സാധിച്ചില്ല. ഈ അവസരത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് എസ്.പി- ബി.എസ്.പി സഖ്യം അധികാരത്തിലെത്തി. ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം രൂപംകൊണ്ട ആദ്യ സര്‍ക്കാര്‍ ഇത്തരത്തില്‍ സെക്യുലര്‍ സര്‍ക്കറായിരുന്നു.

യു.പിയില്‍ ഒന്നിക്കുമ്പോള്‍ മായാവതി മറന്നുകളയുന്നത്

അഖിലേഷ് യാദവും മായാവതിയും കൈകോര്‍ത്ത് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതും 24 വര്‍ഷം മുന്നേ നടന്ന സംഭവത്തെ പറ്റിയാണ്. 1993ല്‍ ഇതേ സഖ്യം യു.പി ഭരിക്കുകയും തമ്മിലിടിച്ച് പിരിയുകയുമായിരുന്നു.

1992 ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി സമാജ്‌വാദി പാര്‍ട്ടി- ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം വരുന്നത്. എസ്.പി തലവന്‍ മുലായം സിങ് യാദവും ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമുമായിരുന്നു ഈ സഖ്യത്തിന് പിന്നില്‍. 256 സീറ്റുകളില്‍ സഖ്യം മത്സരിച്ചു. ബാബറി മസ്ജിദ് സംഭവത്തിന് ശേഷം ബി.ജെ.പിക്ക് പിന്നില്‍ 164 സീറ്റുകളുമായി രണ്ടാമതെത്താന്‍ സഖ്യത്തിനായി. രാഷ്ട്രീയ പാര്‍ട്ടിയായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 109 സീറ്റുകള്‍ നേടാന്‍ എസ്.പിക്കായി. 67 സീറ്റുകള്‍ ബി.എസ്.പിയും നേടി.


തെരഞ്ഞെടുപ്പില്‍ 177 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ ആര്‍ക്കും സാധിച്ചില്ല. ഈ അവസരത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് എസ്.പി- ബി.എസ്.പി സഖ്യം അധികാരത്തിലെത്തി. ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം രൂപംകൊണ്ട ആദ്യ സര്‍ക്കാര്‍ ഇത്തരത്തില്‍ സെക്യുലര്‍ സര്‍ക്കറായിരുന്നു. എസ്.പി അദ്ധ്യക്ഷനായിരുന്ന മുലായം സിങ് യാദവായിരുന്നു അന്നത്തെ മുഖ്യമന്ത്രി.

ഈ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് മായാവതിയുടെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നത്. ഈ അവസരത്തില്‍ എസ്.പി പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഭാവി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവ. വി.ഐ.പി ഗസ്റ്റ് ഹൗസില്‍ യോഗം ചേരുകയായിരുന്ന മായാവതിയെയും മറ്റ് ബി.എസ്.പി അംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. 1995 ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഇവിടെ നിന്നും ബി.ജെ.പി എം.എല്‍.എ ബ്രഹ്മം ദത്ത് ദ്വിവ്വേദി മായാവതിയെ രക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ബി.ജെ.പി പിന്തുണയോടെ 1995 ല്‍ മായാവതി ഉത്തര്‍പ്രദേശിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മായാവതിയുടെ 39ാം വയസിലാണ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്.


ഈ സംഭവം സഖ്യം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മായാവതി രണ്ട് തവണ സൂചിപ്പിച്ചിരുന്നു. സംഭവം മറന്നില്ലെന്ന് സൂചിപ്പിക്കുന്ന വാക്കുകളായിരുന്നു മായാവതിയുടേത്. അതിങ്ങനെ, ''1995 ലെ സംഭവത്തെക്കാള്‍ വലുതാണ് രാജ്യ താല്‍പര്യങ്ങളെ ബാധിക്കുന്ന വിഷയമെന്നതിനാലാണ് ഒരു തവണ കൂടി എസ്.പിയുമായി സഖ്യത്തിലേര്‍പ്പെടുന്നത്''.

2018 ല്‍ യു.പിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഗസ്റ്റ് ഹൗസ് ആക്രമണം ഉയര്‍ത്തിയപ്പോഴും മായാവതി എസ്.പി സഖ്യത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. അക്കാലത്ത് രാഷ്ട്രീയത്തില്‍ പോലുമില്ലാത്ത അഖിലേഷില്‍ സംഭവത്തിന്റെ കുറ്റം ചാര്‍ത്തുന്നത് തെറ്റാണെന്നാണ് 2018 ല്‍ മായാവതിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി 38 വീതം സീറ്റുകളില്‍ മത്സരിക്കാനാണ് ബി.എസ്.പി - എസ്.പി സഖ്യം തീരുമാനിച്ചത്. അമേഠിയിലും റായ്ബലേറിയിലും കോണ്‍ഗ്രസിന് എതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നുമാണ് സഖ്യത്തിന്റെ തീരുമാനം.