'തുക്ക്‌ടേ തുക്ക്‌ടേ ​ഗ്യാങ് ' യുഎപിഎ പ്രകാരം നിരോധിക്കാത്തതെന്ത്?, ആരാണവർ; ആഭ്യന്തര മന്ത്രാലയത്തെ വെട്ടിലാക്കി വിവരാവകാശം

എന്താണ് 'തുക്ക്‌ടേ തുക്ക്‌ടേ ​ഗ്യാങ് ' എന്തുകൊണ്ട് അത് യുഎപിഎ പ്രകാരം നിരോധിക്കുന്നില്ല, ആരൊക്കെയാണ് അതിലെ അംഗങ്ങള്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് വിവരാവകാശ പ്രകാരം തേടിയിട്ടുള്ളത്.

ഇന്ത്യയിൽ നടക്കുന്ന അക്രമസംഭവങ്ങള്‍ക്കു പിന്നിലെ 'തുക്ക്‌ടേ തുക്ക്‌ടേ ഗ്യാങ്ങി'ല്‍ ആരൊക്കെയാണെന്ന് വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരാവകാശം. രാജ്യത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ 'തുക്ക്‌ടേ തുക്ക്‌ടേ ​ഗ്യാങ് ' ആണെന്നും അവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും കഴിഞ്ഞ ഡിസംബര്‍ 26-ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഡല്‍ഹി സ്വദേശിയായ സാകേത് ഗോഖ്‌ലെ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് 'തുക്ക്‌ടേ തുക്ക്‌ടേ ​ഗ്യാങ് ' എന്തുകൊണ്ട് അത് യുഎപിഎ പ്രകാരം നിരോധിക്കുന്നില്ല, ആരൊക്കെയാണ് അതിലെ അംഗങ്ങള്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് വിവരാവകാശ പ്രകാരം തേടിയിട്ടുള്ളത്.

എന്നാൽ 'തുക്ക്‌ടേ തുക്ക്‌ടേ ഗ്യാങ്' എന്നത് ഇന്‍ലിജന്‍സോ മറ്റ് അന്വേഷണ ഏജന്‍സികളോ ഇത് വരെയും ഒരു ഔദ്യോഗിക രേഖയിലും ഉപയോഗിച്ചിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 2016ലെ ജെഎന്‍യു പ്രക്ഷോഭത്തോടെയാണ് തുക്ക്‌ടേ തുക്ക്‌ടേ ഗ്യാങ് എന്ന പ്രയോ​ഗം കൂടുതൽ പ്രചാരത്തിലാകുന്നത്.

പ്രക്ഷോഭത്തിൽ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നതായി ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ അവരാവരും ഏതെങ്കിലും ​ഗ്യാങ്ങിന്റേയോ, പാര്‍ട്ടിയുടേയോ, മറ്റ് ​ഗ്രൂപ്പുകളുടേയോ ആളുകളായിരുന്നില്ല. സര്‍ക്കാരിന്റെയോ മറ്റു നിയമ ഏജന്‍സികളുടെയോ രേഖകളിലൊന്നും 'തുക്ക്‌ടേ തുക്ക്‌ടേ ​ഗ്യാങ് ' എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ സംഘപരിവാർ അനുകൂലികൾ പ്രതിപക്ഷത്തേയും ഇടതുപക്ഷത്തേയും കളിയാക്കാനാണ് 'തുക്ക്‌ടേ തുക്ക്‌ടേ ​ഗ്യാങ് ' എന്ന പ്രയോ​ഗം ഉപയോ​ഗിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ നിരവധി തവണ പ്രതിപക്ഷത്തെ 'തുക്ക്‌ടേ തുക്ക്‌ടേ ഗ്യാങ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

Read More >>