ഗോവയിലെ പാഠപുസ്തകങ്ങളില്‍ നെഹ്രുവിന് പകരം സവര്‍ക്കര്‍ 

Published On: 2018-07-25 14:15:00.0
ഗോവയിലെ പാഠപുസ്തകങ്ങളില്‍ നെഹ്രുവിന് പകരം സവര്‍ക്കര്‍ 

പനാജി: വീണ്ടും പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്തി ബിജെപി സര്‍ക്കാര്‍. ഗോവയിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രത്തിന് പകരം ഹിന്ദു തീവ്രനേതാവ് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായി. പത്താംക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകത്തിലാണ് ഈ ഭീമന്‍ അബദ്ധം.

ഇന്ത്യയും സമകാലികലോകവും 2- ജനാധിപത്യ രാഷ്ട്രീയം എന്ന പുസ്തകത്തിലാണ് പതിവിന് വിപരീതമായി ആര്‍.എസ്.എസ് നേതാവിന്റെ ചിത്രം സ്ഥാനം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കരിക്കുലം വരെ പാഠപുസ്തകത്തിലെ 68ാം പേജില്‍ സേവാഗ്രാം ആശ്രമത്തില്‍ ഗാന്ധിജിയോടും മൗലാനാ ആസാദിനോടുമൊപ്പം നില്‍ക്കുന്ന നെഹ്റുവിന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ രംഗത്തെത്തി. ബി.ജെ.പി ചരിത്രത്തെ മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് എന്‍.എസ്.യു.ഐ ഗോവ അധ്യക്ഷന്‍ അഹ്റാസ് മുല്ല പറഞ്ഞു. ' നാളെയവര്‍ മഹാത്മാഗാന്ധിയുടെ ചിത്രവും എടുത്തുമാറ്റും. എന്നിട്ട് 60 വര്‍ഷം കോണ്‍ഗ്രസ് എന്ത് ചെയ്തെന്ന് ചോദിക്കും. ' മുല്ല കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പാഠപുസ്തകത്തില്‍ ഹൈന്ദവരാജാക്കന്‍മാരുടെ ചരിത്രം ഉള്‍പ്പെടുത്തുകയും മുഗള്‍ ഭരണത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Top Stories
Share it
Top