കൊളീജിയം ഇന്ന് ചേരും; ജസ്റ്റിസ്‌ കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ വീണ്ടും പരിഗണിക്കും

Published On: 2 May 2018 4:00 AM GMT
കൊളീജിയം ഇന്ന് ചേരും; ജസ്റ്റിസ്‌ കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ഉത്തരഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച വിഷയം പരിശോധിക്കാന്‍ ഇന്ന് സുപ്രിംകോടതി കോളീജിയം ചേരും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ചന്‍ ഗൊഗോയി, മദന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍.

കെ എം ജോസഫിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ദു മല്‍ഹോത്ര, കെ എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് കൊളീജിയം തീരുമാനമെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ തിരിച്ചയക്കുകയുമായിരുന്നു.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തിയാണ് കേന്ദ്രസര്‍ക്കാറിന്റേതെന്നും ചീഫ് ജസ്റ്റിസ് എത്രയും വേഗം കോളീജിയം വിളിച്ചു ചേര്‍ത്ത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് അര്‍ എം ലോധ പറഞ്ഞിരുന്നു.

Top Stories
Share it
Top