യുപിയിലെ ആൾക്കൂട്ടക്കൊല: സത്യം മറച്ചുവെക്കാൻ പൊലിസ് ശ്രമം

Published On: 2018-06-23 06:15:00.0
യുപിയിലെ ആൾക്കൂട്ടക്കൊല: സത്യം മറച്ചുവെക്കാൻ പൊലിസ് ശ്രമം

ലക്‌നൗ: പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി 45കാരന്‍ കൊല്ലപ്പെട്ടുകയും 65കാരന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ സത്യം മറച്ചുവെക്കാൻ പൊലിസ് ശ്രമം. അതേസമയം ഇതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ വീഡിയോ പുറത്ത്.

65കാരനായ സമിയുദ്ധീനെ ക്രൂരമായി മര്‍ദ്ദിക്കുന്ന രണ്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നത്. ആള്‍ക്കൂട്ടം അയാളെ മര്‍ദ്ദിക്കുകയും താടിയില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ വ്യക്തമായി കാണാം. കൂടാതെ ഇവരെക്കൊണ്ട് പശുവിനെ കശാപ്പ് ചെയ്തുവെന്ന് സമ്മതിപ്പിക്കാനും ആളുകള്‍ ശ്രമിക്കുന്നുണ്ട്. മാരകമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലയുള്ള പിലാഖ്വ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

<>

സംഭവം മോട്ടേര്‍സൈക്കിള്‍ അപകടമായി ചിത്രീകരിക്കാനുള്ള പൊലിസിന്റെ ശ്രമത്തിനെതിരെ കഴിഞ്ഞ ദിവസം ഇരുവരുടെയും കുടുംബങ്ങള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ബാധിക്കപ്പെട്ടവരുടെ മൊഴി ശരിയായല്ല പൊലിസ് രേഖപ്പെടുത്തിയതെന്ന് സമിയുദ്ധീന്റെ സഹോദന്‍ മെഹറുദ്ദീന്‍ ആരോപിച്ചു.

അതേസമയം കാസിമിന്റെ സഹോദരന്‍ ബൈക്ക് അപകടത്തെപ്പറ്റി പരാതി എഴുതി നല്‍കിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തര്‍പ്രദേശ് എഡിജിപി പറഞ്ഞു. കുടുംബം മറ്റൊരു പരാതി നല്‍കിയതായും എഫ്‌ഐആറില്‍ പരാതി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പശുവിൻെറ പേരിലുള്ള ആൾക്കൂട്ട കൊലയെ അപകടമാക്കി ചിത്രീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഉത്തർപ്രദേശ് പൊലിസ്.

Top Stories
Share it
Top