യോ​ഗിയുടെ പുതിയ പരിഷ്കാരം; ശൗചാലയത്തിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഹാജരാക്കാത്ത യുപി ജീവനക്കാര്‍ക്ക് ശമ്പളമില്ല

സീതാപുര്‍: യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ ശമ്പളം ലഭിക്കാന്‍ ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് ശൗചാലയത്തിലിരിക്കുന്ന സാക്ഷ്യപത്രം വേണം....

യോ​ഗിയുടെ പുതിയ പരിഷ്കാരം; ശൗചാലയത്തിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഹാജരാക്കാത്ത യുപി ജീവനക്കാര്‍ക്ക് ശമ്പളമില്ല

സീതാപുര്‍: യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ ശമ്പളം ലഭിക്കാന്‍ ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് ശൗചാലയത്തിലിരിക്കുന്ന സാക്ഷ്യപത്രം വേണം. ഉത്തര്‍പ്രദേശിലെ ഈ വിചിത്ര ഉത്തരവു കാരണം സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഭഗവതി പ്രസാദിന് ശൗചാലയത്തില്‍ ഇരിക്കുന്ന ചിത്രം അടക്കമുളള സാക്ഷ്യപത്രം അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടി വന്നു. ജോലി ചെയ്ത ശമ്പളം ലഭിക്കാനാണ് ഭഗവതിക്ക് അധികാരികള്‍ക്ക് മുന്നില്‍ ശൗചാലയ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വന്നത്.

സിതാപുരിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഭഗവതി. ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പടെ വ്യക്തി വിവരങ്ങളെല്ലാം സാക്ഷ്യപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യപകമായി പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടില്‍ ശൗചാലയമുണ്ടെന്ന സാക്ഷ്യപത്രം ജില്ലാ പഞ്ചായത്ത് ഓഫീസര്‍ക്ക് നല്‍കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് സിതാപുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ശീതള്‍ വര്‍മ പുറപ്പെടുവിച്ചത്.

പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ പരിഷ്കാരമെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ വീടുകളിലെ ശൗചാലത്തിനു മുന്നില്‍നിന്ന് എടുത്ത ചിത്രം ഹാജരാക്കണം. കൂടാതെ, കക്കൂസ് നിര്‍മിച്ചതായി വ്യക്തമാക്കുന്ന രേഖയും നല്‍കണം.

ഉത്തരവ് പാലിക്കാതിരിക്കുകയോ കക്കൂസ് നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ വീടുകളില്‍ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. സീതാപുര്‍ ജില്ലാ കളക്ടര്‍ ശീതള്‍ വര്‍മയുടേതാണ് ഉത്തരവ്.

മെയ് 27ന് മുമ്പ് ചിത്രം അയച്ചു നല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ പരാതി വ്യപകമായിട്ടുണ്ട്. ഉത്തരവനുസരിച്ച് അധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൗചാലയത്തില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Story by
Read More >>