മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു 

Published On: 2018-04-17 15:00:00.0
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു 

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി (67) അന്തരിച്ചു. ബെംഗളൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടു പോകും.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് വന്ന ഷേണായി 'ദ് വീക്ക്' വാരിക എഡിറ്ററായും 'സണ്‍ഡേ മെയില്‍' പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1990-92 കാലയളവില്‍ പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു. അഞ്ചു പതിറ്റാണ്ടോളം പത്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ച ഷേണായി സാമ്പത്തികരാഷ്ട്രീയ നിരീക്ഷകന്‍ കൂടിയാണ്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.

2003 ല്‍ പത്മഭൂഷന്‍ ലഭിച്ചു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാണ്ടര്‍ വിസ്ഡം' പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എറണാകുളം ചെറായി സ്വദേശിയാണ്. സരോജമാണു ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കള്‍.

Top Stories
Share it
Top