കേന്ദ്ര സർക്കാറിനെതിരെ സെപ്തംബർ അഞ്ചിന് ഡൽഹിയിൽ മഹാറാലി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക‐ തൊഴിലാളി‐ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിഐടിയുവും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി സെപ്തംബർ...

കേന്ദ്ര സർക്കാറിനെതിരെ സെപ്തംബർ അഞ്ചിന് ഡൽഹിയിൽ മഹാറാലി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക‐ തൊഴിലാളി‐ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിഐടിയുവും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി സെപ്തംബർ അഞ്ചിന് ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുന്നു. മോഡിസർക്കാരിനെതിരായ വികാരം ശക്തമായി പ്രതിഫലിക്കപ്പെടുന്ന റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും ജീവനക്കാരും പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യം മുൻനിർത്തിയാണ് സെപ്തംബർ അഞ്ചിന്റെ മസ്ദൂർ കിസാൻ സംഘർഷ് റാലിയെന്നും ഇതിന് മുന്നോടിയായി രാജ്യത്തുടനീളം വിവിധ പ്രതിഷേധ‐ പ്രക്ഷോഭ‐ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്ക‍ൾ പറഞ്ഞു. ആദ്യമായാണ് ഈ മൂന്ന് സംഘടനകൾ ചേർന്ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്നത്.

കർഷകവിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഒപ്പുശേഖരണ പരിപാടിയും കിസാൻസഭ സംഘടിപ്പിക്കുന്നുണ്ട്. ഇതിൻെറ ഭാ​ഗമായി പത്തുകോടി ഒപ്പുകൾ ശേഖരിച്ച് ആഗസ്ത് ഒമ്പതിന് പ്രധാനമന്ത്രിക്ക‌് കൈമാറുന്നതിനായി ജില്ലാ കലക്ടർമാർക്ക് സമർപ്പിക്കുമെന്നും തുടർന്ന് കർഷകരും കർഷകത്തൊഴിലാളികളും ജയിൽനിറയ്ക്കൽ സമരം നടത്തുംമെന്നും നേതാക്കൾ വ്യക്തമാക്കി.

ഇതിൻെറ മുന്നോടിയായി ആഗസ്ത് 14ന് സിഐടിയുവിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജനജാഗ്രതാസദസ്സ് സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഗുജറാത്തിലും മഹാരാഷ്ട്രയിലും കർഷകർ നടത്തുന്ന സമരപരിപാടികൾക്കും ഡൽഹിയിലും നോയിഡയിലും ഗാസിയാബാദിലും ജൂലൈ 20ന് തൊഴിലാളിസംഘടനകൾ സംഘടിപ്പിക്കുന്ന വ്യാവസായിക പണിമുടക്കിനും കിസാൻസഭയും സിഐടിയുവും പിന്തുണ അറിയിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ സിഐടിയു പ്രസിഡന്റ് കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ലെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള എന്നിവർ പങ്കെടുത്തു

Story by
Read More >>