അമിത് ഷായുടെ വീട്ടിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു: ഷഹീന്‍ ബാഗ് സമരക്കാര്‍ മടങ്ങി

പൊലീസ്​ ബാരിക്കേഡ്​ വെച്ച്​ തടഞ്ഞതി​നെ തുടർന്ന്​ സമരക്കാർ റോഡിൽ കുത്തിയിരുന്ന്​ പ്രതിശേഷധിച്ചിരുന്നു.

അമിത് ഷായുടെ വീട്ടിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു: ഷഹീന്‍ ബാഗ് സമരക്കാര്‍ മടങ്ങി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായുടെ വീട്ടിലേക്ക്​ നടത്തിയ മാർച്ച് പൊലീസ്​ തടഞ്ഞതിനെ തുടർന്ന്​ ശാഹീൻ ബാഗിലെ സമരക്കാർ സമരപന്തലിലേക്ക്​ മടങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് ഷായുടെ വീട്ടിലേക്ക് ജാഥനടത്തിയിരുന്നത്. ഞാറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മാര്‍ച്ച് സമരപന്തലില്‍ നിന്ന് അമ്പത് മീറ്ററോളം മാത്രമാണ് മുന്നോട്ട് പോയത്.

പൊലീസ്​ ബാരിക്കേഡ്​ വെച്ച്​ തടഞ്ഞതി​നെ തുടർന്ന്​ സമരക്കാർ റോഡിൽ കുത്തിയിരുന്ന്​ പ്രതിശേഷധിച്ചിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ചക്കുള്ള അനുമതി തേടിയതായി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് സമരക്കാർ മടങ്ങിയത്. സമരത്തിൽ നിന്ന് പിന്തിരിയില്ലെന്നും എന്നാൽ, അക്രമാസക്തമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു.

ചർച്ചക്ക് ആരു തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന് ഒരു ചാനല്‍ ചർച്ചയില്‍ അടുത്തിടെ അമിത്ഷാ പറഞ്ഞിരുന്നു. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നുമായിരുന്നു പരാമർശം. ഇതിന് പിന്നാലെയാണ് ചർച്ചക്ക് തയ്യാറാണെന്ന് ഷഹിന്‍ബാഗിലെ ഒരു വിഭാഗം നിലപാടെടുത്തത്.

ദേശീയ പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ രണ്ടുമാസത്തോളമായി സമരം നടന്നുവരികയാണ്. സമരം രാജ്യത്തെ എല്ലാ വിഭാഗക്കാർക്കും വേണ്ടിയാണെന്നും എത്ര കാലം വേണമെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്നുമായിരുന്നു ഇവർ നേരത്തെ പ്രതികരിച്ചിരുന്നത്.

അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തുന്നതെന്നും തടയുമെന്നും മാര്‍ച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. കനത്ത കാവലാണ് പൊലീസ് ഒരുക്കിയിരുന്നത്. രണ്ട് ബാരിക്കേഡുകളാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ളവരാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.

Next Story
Read More >>