'ശിവസേനയ്ക്കും കോണ്‍ഗ്രസിനും കിട്ടേണ്ടത് കിട്ടി, തന്‍റെ പാര്‍ട്ടിക്ക് എന്ത് ലഭിച്ചു'; ചോദ്യശരവുമായി ശരത് പവാര്‍

ചില കോൺഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റവും എൻസിപി- കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമാവില്ലെന്ന ധാരണയിലുമാണ് അജിത് പവാർ ബിജെപിക്കൊപ്പം പോയതെന്ന് ശരത് പവാർ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് - ശിവസേന സഖ്യം അധികാരത്തിലേറിയതിനു പിന്നാലെ അധികാര വിഹിതത്തിൽ അതൃപ്തിയുമായി എൻസിപി നേതാവ് ശരത് പവാർ.

എൻ.സി.പിക്ക് ശിവസേനയേക്കാൾ രണ്ട് സീറ്റ് കുറവും കോൺഗ്രസിനേക്കാൾ 10 സീറ്റ് കൂടുതലുമുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോൺഗ്രസിന് സ്പീക്കർ പദവിയും ലഭിച്ചു. എന്റെ പാർട്ടിക്ക് എന്താണ് ലഭിച്ചതെന്നും ഉപമുഖ്യമന്ത്രിക്ക് പ്രത്യേക അധികാരങ്ങളൊന്നുമില്ലെന്നും ശരത് പവാർ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചില കോൺഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റവും എൻസിപി- കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമാവില്ലെന്ന ധാരണയിലുമാണ് അജിത് പവാർ ബിജെപിക്കൊപ്പം പോയതെന്ന് ശരത് പവാർ പറഞ്ഞു.

ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം വിജയത്തിലെത്തില്ലെന്ന ധാരണയിലാണ് അജിത് പവാർ ബി.ജെ.പിക്കൊപ്പം ചേർന്നത്. ഒരു എൻ.സി.പി കോൺഗ്രസ് യോഗത്തിൽ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. എൻ.സി.പി നേതാക്കൾ എന്നോട് സഖ്യമുപേക്ഷിക്കാൻ പറഞ്ഞു. കോൺഗ്രസുമായുള്ള സഖ്യം സാധ്യമല്ലെന്ന് കരുതിയാണ് അജിത് പവാർ ബി.ജെ.പിക്കൊപ്പം പോയതെന്നും ശരത് പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടയിൽ അജിത് പവാർ ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസുമായി ചർച്ച നടത്തിയിരുന്നുവെന്നത് തനിക്കറിയാമായിരുന്നു എന്നാൽ അജിത് പെട്ടെന്ന് പോവുമെന്ന് കരുതിയില്ലെന്നും ശരത് പവാർ പറഞ്ഞു.

നവംബർ 23ന് രാവിലെ ബിജെപിയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്രഫട്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു എന്ന വിവരം അറിഞ്ഞ് താൻ ഞെട്ടിത്തിരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപീകരണവും ശിവസേനയും കോൺഗ്രസുമായുള്ള സഖ്യ ചർച്ചയിലും അജിത് നിരാശനായിരുന്നു. കോൺഗ്രസുമായുള്ള സഖ്യം എങ്ങനെ പ്രവർത്തികമാകുമെന്ന കാര്യത്തിൽ അജിതിന് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം തന്റെ അനുയായികളോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊന്നും അജിത് പവാർ ബിജെപിക്കൊപ്പം പോകുമെന്നു കരുതിയതല്ലെന്നും ശരത് പവാർ വ്യക്തമാക്കി.

Read More >>