എല്ലാത്തിനും മോദിയെ കുറ്റപ്പെടുത്തേണ്ട; ജയ്‌റാം രമേശിനെ പിന്തുണച്ച് ശശി തരൂർ

വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്

എല്ലാത്തിനും മോദിയെ കുറ്റപ്പെടുത്തേണ്ട; ജയ്‌റാം രമേശിനെ പിന്തുണച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാകാര്യത്തിനും പഴിക്കേണ്ടതില്ലെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പ്രസ്താവനക്ക് പിന്തുണയുമായി ശശി തരൂർ എം.പി. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അദ്ദേഹത്തെ പ്രശംസിക്കുന്നത് അദ്ദേഹത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്ന് തരൂർ പറഞ്ഞു.

' നിങ്ങൾക്കറിയാം, കഴിഞ്ഞ ആറു വർഷമായി ഞാൻ പറയുന്ന കാര്യമാണ് നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അദ്ദേഹത്തെ പ്രശംസിക്കണമെന്ന്. അത് അദ്ദേഹം ചെയ്യുന്ന തെറ്റുകൾക്കെതിരെ വിമർശനമുന്നയിക്കുമ്പോൾ ജനങ്ങൾക്കിടയിൽ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഉപകരിക്കും.'-അദ്ദേഹം പറഞ്ഞു.

ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്വിയും രംഗത്തെത്തിയിരുന്നു.മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ് എന്നും വ്യക്തിപരമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്.

മോദി സർക്കാറിന്റെ പോസിറ്റീവുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ പരിഗണിക്കാതിരിക്കുന്നത് പ്രതിപക്ഷത്തെ സഹായിക്കില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്.

വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്. 2014നും 2019നും ഇടയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രവർത്തനങ്ങളാണ് 30 ശതമാനത്തിലേറെ വോട്ടു നേടി അധികാരത്തിൽ തുടരാൻ സഹായകരമായത്.

അത് പരിഗണിക്കേണ്ട സമയമാണിത്. എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. മോദിയെ അഭിനന്ദിക്കാനല്ല മറിച്ച് ഭരണരംഗത്ത് അദ്ദേഹം കൊണ്ടുവന്ന രീതി തിരിച്ചറിയാനാണ് താൻ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചിരുന്നു.

അതേസമയം, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് പാർട്ടി വക്താവ് മനിഷ് തിവാരി ഒഴിഞ്ഞുമാറി. ഈ ചോദ്യം ആ നേതാക്കളോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു തിവാരിയുടെ പ്രതികരണം.

'അവർ പറഞ്ഞതിനെക്കുറിച്ച് വിശദീകരിക്കാൻ ഏറ്റവും ഉചിതമായ വ്യക്തികൾ അവർ തന്നെയാണ്. ഇതേക്കുറിച്ച് അവരോട് തന്നെ നേരിട്ടു ചോദിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More >>