'56 ഇഞ്ച് നെഞ്ച് വിരിച്ച് ഷി യോട് പറയു പാക് അധീന കശ്മിരിലെ സ്ഥലം ഉപേക്ഷിച്ചു പോവാന്‍' : മോദിയെ വിമര്‍ശിച്ച് കപില്‍ സിബലിന്‍റെ ട്വീറ്റ്

കശ്മിർ വിഷയങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഷി ജിൻ പിങ്ങ് പറയുമ്പോൾ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രശ്‌നങ്ങൾ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി തിരിച്ചു പറയാത്തത് എന്താണെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയെ രൂക്ഷമായി വിമർശിച്ചാണ് പരിഹാസ രൂപേണയുള്ള സിബലിന്റെ ട്വീറ്റ്.

കശ്മിരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനെ ഷി ജിൻപിങ്ങ് അനുകൂലിക്കുന്നതു കണ്ടു. മോദി ജീ, മഹാബലിപുരത്തെത്തുന്ന ഷി ജിൻ പിങ്ങിന്റെ കണ്ണിൽ നോക്കി പറയു ചൈനയുടെ കൈവശമുള്ള പാക് അധീന കശ്മിരിലെ 5000 കിലോമീറ്റർ സ്ഥലം ഉടൻ ഒഴിയുക, ഇന്ത്യയിൽ ഹുവാവേയുടെ 5 ജി ഉണ്ടാവില്ല. 5.6 ഇഞ്ച് നെഞ്ച് വിരിച്ച് ചോദിക്കൂ- സിബൽ ട്വീറ്റ് ചെയ്തു.

കശ്മിർ വിഷയങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഷി ജിൻ പിങ്ങ് പറയുമ്പോൾ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രശ്‌നങ്ങൾ തങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് മോദി തിരിച്ചു പറയാത്തത് എന്താണെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ ചൈനയുടെ ഇടപെടൽ നിയന്ത്രിക്കാൻ മോദി സർക്കാരിനായില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ് ഇന്ന് ചെന്നൈയിലെത്തി. രണ്ട് ദിവസത്തെ ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടക്കുക. അതിർത്തി സഹകരണമടക്കമുള്ള വിഷയങ്ങളായിരിക്കും ഉച്ചകോടിയിൽ ചർച്ചയാകുക. തമിഴ്നാട്ടിലെ മഹാബലിപുരത്ത് വച്ചാണ് ഉച്ചകോടി നടക്കുന്നത്.

Read More >>