ചെങ്ങന്നൂരിലേത് രാഷ്ട്രീയ വിജയം; വര്‍ഗീയ കാര്‍ഡിറക്കിയെന്നത് ആരോപണം: സീതാറാം യെച്ചൂരി

Published On: 2018-05-31 14:30:00.0
ചെങ്ങന്നൂരിലേത് രാഷ്ട്രീയ വിജയം; വര്‍ഗീയ കാര്‍ഡിറക്കിയെന്നത് ആരോപണം: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയാണ് സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചതെന്നത് വെറും ആരോപണം മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎമ്മിന്റെ ചെറുതും വലുതുമായ സംഘടനാ ഘടകങ്ങള്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് വോട്ട് നേടിയത്. ജനങ്ങളാണ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്തത്. ബിജെപിയ്ക്ക് സ്വാധീനമുള്ള മേഖലയിലും എല്‍ഡിഎഫിന് നേട്ടം കൊയ്യാനായി. കേരളത്തില്‍ ബിജെപിയുടെ സാമൂഹിക അടിത്തറ ഇടിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.

ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്നും ആ വിധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കുള്ള അതിഗംഭീര പിന്തുണയുടെ വിളംബരമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗങ്ങളുടേയും പിന്തുണ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ലഭിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനത്തിനും സമാധാനത്തിനും ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. യുഡി എഫ് മുന്നോട്ട് വച്ച മൃദുഹിന്ദുത്വ വര്‍ഗീയതക്കും ബി ജെ പിയുടെ തീവ്രവർഗീയതക്കു ഏറ്റതിരിച്ചടിയെന്നും പ്രതിപക്ഷത്തിന്‍റെ വിലയിരുത്തലാകുമെന്ന പറഞ്ഞ ഉമ്മൻചാണ്ടി അതിൽ ഉറച്ച് നിൽക്കുന്നെങ്കിൽ ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനം ഒ‍ഴിയാൻ ആവശ്യപെടണമെന്നും കോടിയേരി പറഞ്ഞു.

Top Stories
Share it
Top