കര്‍ണാടക തെരഞ്ഞെടുപ്പ് ; ലിംഗായത്ത് മേഖലയില്‍ പിടിമുറുക്കാന്‍ സോണിയ ഗാന്ധി, ചൊവ്വാഴ്ച റാലിയില്‍ പങ്കെടുക്കും

Published On: 2018-05-07 16:00:00.0
കര്‍ണാടക തെരഞ്ഞെടുപ്പ് ; ലിംഗായത്ത് മേഖലയില്‍ പിടിമുറുക്കാന്‍ സോണിയ ഗാന്ധി, ചൊവ്വാഴ്ച റാലിയില്‍ പങ്കെടുക്കും

ബംഗളൂരു: കര്‍ണാടകയില്‍ ലിംഗായത്ത് വോട്ടുകള്‍ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി ലിംഗായത്ത് സ്വാധീന മേഖലയായ വിജയപുരയില്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ലിംഗായത്ത് സമുദായക്കാരുടെ ആചാര്യനായ തത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ബസവണയുടെ ജന്മസ്ഥലത്തു നിന്നും 40 കിലോ മീറ്റര്‍ ദൂരെയാണ് വിജയപുര. മെയ് 12 ന് തെരഞ്ഞടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ആദ്യമായാണ് സോണിയ പ്രചാരണത്തിനെത്തുന്നത്.

കാലങ്ങളായി ബി.ജെ.പി വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിന് തെരഞ്ഞെടുപ്പിന് മുമ്പായി സിദ്ധരാമയ്യ സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാസവണ സ്ഥാപിച്ച ആശ്രമം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന സോണിയ പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കര്‍ണാടകയിലെത്തുന്നതെന്നാണ് വിവരം.

സോണിയയും മകള്‍ പ്രിയങ്കയും മെയ് ആറിന് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ചൊവ്വാഴ്ച സോണിയ മാത്രമാകും കര്‍ണാടകയിലെത്തുക. വിജയപുരയിലെ റാലി കൂടാതെ മറ്റെതെങ്കിലും റാലിയില്‍ സോണിയ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സോണിയയുടെ സാന്നിദ്ധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ഗൗഡ പറഞ്ഞു.

Top Stories
Share it
Top