തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൂടി കൊല്ലപ്പെട്ടു

Published On: 2018-05-23 10:00:00.0
തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൂടി കൊല്ലപ്പെട്ടു

അണ്ണാന​ഗർ: തൂത്തുക്കുടിയിലെ അണ്ണാ ന​ഗറിൽ വീണ്ടും പൊലീസ് വെടിവെപ്പ്. പ്രതിഷേധക്കാരില്‍ ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ​​ഗുരുതര പരിക്ക്. സ്റ്റര്‍ലൈറ്റ് വ്യവസായ പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് ഇന്നും വെടിയുതിര്‍ക്കുകയായിരുന്നു. 24 വയസ്സുള്ള കാളയപ്പനാണ് മരിച്ചത്. ഇന്നലെയുണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് സമീപം അണ്ണാ നഗറിലാണ് അല്‍പം മുമ്പ് വെടിവെപ്പുണ്ടായത്. ഇന്നലെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ബന്ധുക്കളും പൊലീസുമായുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പിന് കാരണമായത്.

തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് സമീപം രാവിലെ മുതല്‍ തന്നെ പരിക്കേറ്റവരുടേയും മരണപ്പെട്ടവരുടേയും ബന്ധുക്കള്‍ തടിച്ചു കൂടുന്നുണ്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇതു വരെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടില്ല. ഇതിലെല്ലാം ക്ഷുഭിതരായ ജനങ്ങളും ബന്ധുക്കളുമാണ് പൊലീസിനെതിരെ കല്ലെറിഞ്ഞത്. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. പലയിടങ്ങളിലും ആകാശത്തേക്ക് വെടിവെപ്പും മറ്റ് പോലീസ് നടപടികളും തുടരുകയാണ്.

തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭമാണ് ദുരന്തഭൂമിയായത്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ നൂറ്റൊന്നാം ദിവസമാണ് ഇന്ന്.

പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ തൂത്തുക്കുടിയിൽ എത്തി പ്രതിഷേധക്കാരെ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ഇന്നലെ നടന്ന വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. തൂത്തുക്കുടിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള വെടിവെപ്പാണെന്ന ആരോപണം ഉയർന്നിരുന്നു.

Top Stories
Share it
Top