'അസുര'നിൽ പ്രചോദനം; കോടതി മുറിയില്‍ സാക്ഷികളെ തുറിച്ചു നോക്കിയ 27 വിദ്യാർഥികൾ അറസ്റ്റിൽ

സാക്ഷികളെ വിരട്ടി നോക്കി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഇവരെ കോടതി മുറിയിൽനിന്ന്‌ പൊലീസ്‌ പിടികൂടിയത്‌.

ചെന്നൈയിലെ കോടതിയിൽ കൊലപാതക കേസിലെ സാക്ഷികളെ തുറിച്ചുനോക്കിയതിന്‌ 27ഓളം കോളേജ്‌ വിദ്യാർഥികളെ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ സംഭവം. കഴി‍ഞ്ഞ വർഷം തിരുവള്ളൂരിൽ നടന്ന ഇഷ്ടികച്ചൂള ഉടമയുടെ കൊലപാതകത്തിൻെറ വിചാരണ വേളയിലാണ് സംഭവം.

സാക്ഷികളെ നോക്കി വിരട്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഇവരെ കോടതി മുറിയിൽനിന്ന്‌ പൊലീസ്‌ പിടികൂടിയത്‌. നന്ദനം ​ഗവൺമെന്റ് ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിലെ ഒന്നും രണ്ടും വർഷ വിദ്യാർഥികളാണ്‌ അറസ്റ്റിലായത്‌. വിദ്യാർഥികളുടെ സഹപാഠിയായ ഒരാളുടെ ബന്ധുക്കളായ രണ്ടു പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ സഹായിക്കാനാണ് വിദ്യാർഥികളുടെ ശ്രമം.

അടുത്തിടെ ഇറങ്ങിയ ധനുഷ് ചിത്രം അസുരൻ എന്ന ചിത്രത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ്‌ വിദ്യാർഥികൾ കോടതിയിൽ സാക്ഷികളെ തുറിച്ചുനോക്കിയതെന്നും പൊലീസ്‌ പറഞ്ഞു. 30 വിദ്യാർഥികളാണ്‌ കോടതിയിൽ ഉണ്ടായിരുന്നത്‌. തങ്ങളെ തുറിച്ചുനോക്കുന്നതായി കേസിലെ ആറുസാക്ഷികളിലൊരാൾ പൊലീസിനെ അറിയിക്കുന്നതു കണ്ട്‌ മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഇതിൽ പ്രതിയുടെ ബന്ധുവായ വിദ്യാർഥിയും ഉൾപ്പെടും. വിദ്യാർഥികളെയും ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിയേക്ക്‌ മാറ്റി.

Read More >>