സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്ക്;  ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published On: 2018-05-14 10:15:00.0
സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്ക്;  ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പോലീസ്. 200 പേജുള്ള കുറ്റപത്രത്തില്‍ ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. തരൂരിനെതിരെ ചുമത്തിയത് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

"നാലുവര്‍ഷത്തിലേറെ സമയമെടുത്ത് പുറത്ത് വന്ന അന്വേഷണ റിപ്പോര്‍ട്ട് അവിശ്വസനീയം. കഴിഞ്ഞ ഒാക്ടോബറില്‍ സുനന്ദയുടെ മരണത്തില്‍ ആര്‍ക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് സമ്മതിച്ചതാണ്. ആറുമാസത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവര്‍ പറയുന്നു ആത്മഹത്യയ്ക്ക് പ്രേരണയായത് ഞാനാണെന്ന്. ഡല്‍ഹി പോലീസിന്റെ രീതികളും അവരെ ഇത്തരത്തിലൊരു കുറ്റപത്രത്തിലേക്ക് നയിച്ചതിനെ സംബന്ധിച്ചും എന്തൊക്കയോ പ്രശ്‌നങ്ങളുണ്ട്"- തരൂര്‍ ട്വീറ്ററില്‍ കുറിച്ചു.

2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹി ലീലാ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ അവര്‍ സ്വയം ഏല്‍പ്പിച്ചതായിരിക്കുമെന്ന വിലയിരുത്തലിലാണ് ഡല്‍ഹി പോലീസ്. കേസില്‍ ഈ മാസം 24ന് വാദം കേള്‍ക്കും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയിരുന്നില്ല.


Top Stories
Share it
Top