സ്ഥാനക്കയറ്റത്തില്‍ എസ് സി എസ് ടി സംവരണം പാലിക്കണമെന്ന് സുപ്രീം കോടതി 

Published On: 2018-06-05 13:45:00.0
സ്ഥാനക്കയറ്റത്തില്‍ എസ് സി എസ് ടി സംവരണം പാലിക്കണമെന്ന് സുപ്രീം കോടതി 

ന്യൂഡല്‍ഹി: ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് എസ്.സി/എസ്.ടി സംവരണം പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധി വരുന്നത് വരെ നിലവിലെ സംവരണം തുടരാമെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.

പ്രമോഷനില്‍ എസ്.സി/എസ്.ടി. ജീവനക്കാരുടെ പ്രമോഷന് സംവരണം പരിഗണിക്കാമോ ഇല്ലയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് നിയമവിധേയമാണെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാനും അനുമതി നൽകി.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗാണ് കോടതിയില്‍ ഹാജരായത്. കഴിഞ്ഞ മാസം 17ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറപ്പെടുവിച്ച ഉത്തരവും രണ്ടംഗ ബെഞ്ച് പരാമര്‍ശിച്ചു. സുപ്രീം കോടതിയുടെ തന്നെ മുന്‍കാല ഉത്തരവുകളും കൂടി പരിഗണിച്ചാണ് വിധി.

എന്നാല്‍ നിയമം എന്തായിരിക്കണമെന്ന് വ്യക്തമാക്കുവാന്‍ കോടതി തയ്യാറായില്ല. നിലവില്‍ 14,000 ത്തോളം ഒഴിവുകള്‍ ഉണ്ടെന്നും എന്നാല്‍ കോടതി വിധി കാരണം ഒഴിവുകള്‍ നികത്താന്‍ കഴിയുന്നില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയെ അറിയിച്ചു. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രൊമോഷന്‍ നല്‍കുമ്പോള്‍ സംവരണം പാലിക്കാന്‍ സാധിക്കുന്നില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട കേസില്‍ വിശദമായി വാദം കേട്ട് വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഭരണഘടനാ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന് മുമ്പാകെ ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Top Stories
Share it
Top