സമൂഹമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്‌; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Published On: 14 July 2018 4:00 AM GMT
സമൂഹമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്‌; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ വ്യക്തികളുടെ ഇടപെടലുകളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സമൂഹമാധ്യമങ്ങളെ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബുകള്‍' സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പിന്തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്തെ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമാക്കിത്തീര്‍ക്കുമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്.

ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ പൗരന്മാരുടെ ഇടപെടലുകള്‍ 24 മണിക്കൂറും നിരീക്ഷിക്കുകയാണ് ഹബ്ബിന്റെ മുഖ്യദൗത്യം. സാമൂഹ്യമാധ്യമങ്ങളില്‍ ഏതൊക്കെ രീതിയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്, ആരൊക്കെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത് തുടങ്ങിയവ പരിശോധിച്ച് പൗരന്മാരെ 'പോസിറ്റീവ്', 'നെഗറ്റീവ്' എന്നിങ്ങനെ തരംതിരിക്കുകയാണ് ഹബ്ബിന്റെ പ്രവര്‍ത്തനശൈലി. സാമൂഹ്യമാധ്യമങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുക്കാനുള്ള നീക്കമാണിതെന്ന വിമര്‍ശം വ്യാപകമാണ്.

Top Stories
Share it
Top