ഒരു ജോലിയും ചെയ്യാത്ത സൂപ്പര്‍മാന്‍, ലഫ്. ഗവര്‍ണര്‍ക്ക് സുപ്രീംകോടതി വിമര്‍ശനം

Published On: 12 July 2018 10:30 AM GMT
ഒരു ജോലിയും ചെയ്യാത്ത സൂപ്പര്‍മാന്‍, ലഫ്. ഗവര്‍ണര്‍ക്ക് സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഡല്‍ഹിയിലെ മാലിന്യ സംസ്‌കരണം പ്രാദേശിക ഭരണകൂടത്തിന്റെ ജോലിയാണെന്ന പരാമര്‍ശത്തിലാണ് സുപ്രീംകോടതി വിമര്‍ശനം. അനില്‍ ബൈജാല്‍ സൂപ്പര്‍മാനാണെന്ന് പറയുന്നെങ്കിലും ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് സുപ്രീംകോടതയുടെ വിമര്‍ശനം. ഡല്‍ഹിയിലെ മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം ഡല്‍ഹി സര്‍ക്കാരിന്റെയാണോ, കേന്ദ്രസര്‍ക്കാരിന്റെയാണോ എന്ന ചോദ്യത്തിനായിരുന്നു ലഫ്. ഗവര്‍ണറുടെ വിശദീകരണം.

ഡല്‍ഹിയിലെ ഗാസിപൂര്‍, ഓഖ്‌ല, ബലാസ്വ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ആരും പങ്കെടുക്കുന്നില്ലെന്ന അമിക്യസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴാണ് വിമര്‍ശനം. ''നിങ്ങള്‍ പറയുന്നു എനിക്കാണ് അധികാരമെന്ന്, ഞാനൊരു സൂപ്പര്‍മാനാണെന്ന്, പക്ഷേ നിങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല '' സുപ്രീംകോടതി വിമര്‍ശിച്ചു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഗാസിപൂരിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച കേസ് 2015 മുതല്‍ പരിഗണിക്കുകയാണെന്നും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അവസ്ഥയില്‍ മാറ്റമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ന് രണ്ട് മണിക്ക് മുന്നേ എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാന്‍ ലഫ്. ഗവര്‍ണറോട് കോടതി നിര്‍ദ്ദേശിച്ചു

Top Stories
Share it
Top