ആളുകൾ വിവാഹിതരാവുന്നു, വിമാനത്താവളങ്ങളിലും ട്രെയിനുകളിലും ജനങ്ങളുടെ തിരക്ക്; രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് വിചിത്ര വാദവുമായി മാന്ദ്യമില്ലെന്ന് സ്ഥാപിക്കാൻ റെയില്‍വെ സഹമന്ത്രിയുടെ ശ്രമം.

ആളുകൾ വിവാഹിതരാവുന്നു, വിമാനത്താവളങ്ങളിലും ട്രെയിനുകളിലും ജനങ്ങളുടെ തിരക്ക്; രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് റെയില്‍വെ സഹമന്ത്രി അങ്കടി സുരേഷ് ചന്നബാസപ്പ. രാജ്യത്തെ വിമാനത്താവളങ്ങളിലും ട്രെയിനുകളിലും ജനങ്ങളുടെ തിരക്കാണെന്നും അളുകൾ വിവാഹിതരാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒന്നിനും കൊള്ളാത്ത ചിലരുടെ ശ്രമമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

''രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല, വിമാനത്താവളങ്ങളിലും ട്രെയിനുകളിലും ജനങ്ങളുടെ വലിയ തിരക്കാണ്. ആളുകള്‍ വിവാഹിതരാവുന്നുണ്ട്. നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒന്നിനും കൊള്ളാത്ത ചില ആളുകൾ നടത്തുന്ന ശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍'' - അങ്കടി സുരേഷ് ചന്നബാസപ്പ പറഞ്ഞു

ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും സമ്പദ് വ്യവസ്ഥയില്‍ ഉപഭോഗത്തില്‍ കുറവുണ്ടാകാറുണ്ട്. അതൊരു ചാക്രികതയാണ്. പിന്നീട് അത് വീണ്ടെടുക്കാമെന്നും മന്ത്രി പറഞ്ഞു. വെെകാതെ തന്നെ ഇന്ത്യ അഞ്ച് ലക്ഷം കോടിയുടെ സമ്പത്ത് വ്യവസ്ഥയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിലെ ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (ഡിഎഫ്സി) പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് വിചിത്ര വാദവുമായി മാന്ദ്യമില്ലെന്ന് സ്ഥാപിക്കാൻ റെയില്‍വെ സഹമന്ത്രിയുടെ ശ്രമം. അടുത്തിടെ ഒരു പുസ്തകം പ്രകാശന വേളയിലാണ് ധനമന്ത്രിയുടെ പ്രതികരണം. രാജ്യം ഇപ്പോൾ വെല്ലുവിളി നിറഞ്ഞ സമയത്തെ നേരിടുകയാണെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

Read More >>