സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും ജനങ്ങൾക്ക് സന്തോഷം നല്‍കി:അമിത് ഷാ

ജനങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ജനങ്ങൾക്ക് നല്ലത് മാത്രം ചെയ്യാൻ വേണ്ടിയാണ് പല തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും ജനങ്ങൾക്ക് സന്തോഷം നല്‍കി:അമിത് ഷാ

ന്യൂഡൽഹി: സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും ജനങ്ങൾക്ക് സന്തോഷം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എന്നാൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ അസാധ്യ ധൈര്യം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എ.ഐ.എം.എ) പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

'സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങൾ ജനങ്ങൾക്ക് സന്തോഷവും ആഹ്ലാദവും നൽകുന്നുണ്ടെങ്കിലും തെറ്റായ കണക്കുകൂട്ടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിനാൽ അത്തരമൊരു തീരുമാനമെടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്'- എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

കഴിഞ്ഞ യു.പി.എ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച അമിത് ഷാ അവർക്ക് എടുത്തു പറയാവുന്ന അഞ്ച് തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും വിമർശിച്ചു.

'സർക്കാരുകൾ 30 വർഷമായി പ്രവർത്തിച്ചു, അവർക്ക് ഇപ്പോഴും അവരെടുത്ത അഞ്ച് വലിയ തീരുമാനങ്ങൾ ഏതെന്ന് പറയാൻ കഴിയില്ല, അതേസമയം മോദി സർക്കാർ 5 വർഷമായി പ്രവർത്തിക്കുകയും 50 വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു'- ഷാ പറഞ്ഞു.

ജനങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ജനങ്ങൾക്ക് നല്ലത് മാത്രം ചെയ്യാൻ വേണ്ടിയാണ് പല തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ കടുത്ത തീരുമാനങ്ങൾ ഞങ്ങൾ എടുത്തിട്ടുണ്ട്. അവ വലിയ തീരുമാനങ്ങളുമായിരുന്നു. ഒരിഞ്ച് സ്ഥലത്തിന്റെ കാര്യത്തിൽ പോലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. വ്യോമാക്രമണവും സർജിക്കൽ സ്‌ട്രൈക്കും ലോകം നമ്മെ നോക്കുന്ന രീതിയെ മാറ്റിമറിച്ചു. ഇവിടെ ആഭ്യന്തര സുരക്ഷാ നയമോ പ്രതിരോധ നയമോ ഇല്ല. സർജിക്കൽ സ്‌ട്രൈക്കുകൾ അപഹാസ്യമാണെന്ന് ധാരാളം ആളുകൾ എന്നോട് പറഞ്ഞു. എന്നാൽ വ്യോമാക്രമണത്തിന് ശേഷം അവർ പറഞ്ഞത് അത് ഒരു നയമാണെന്നും ഒരു സൈനികൻ മരിച്ചാലും അത് ഞങ്ങൾക്ക് വലിയ നഷ്ടമാണെന്നുമാണ്.'- ഷാ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. ഇത് എങ്ങനെ ചെയ്യുമെന്നായിരുന്നു ആളുകൾ കാലങ്ങളായി ചോദിച്ചുകൊണ്ടിരുന്നത്.ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി തീരുമാനമെടുത്തു. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 17 വരെ കശ്മീരിൽ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല.ആർട്ടിക്കിൾ 370 റദ്ദാക്കുകയെന്നത് ബി.ജെ.പിയുടെ മാത്രം ആവശ്യമായിരുന്നില്ല. മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Read More >>