ഗോസംരക്ഷണ ഗുണ്ടകള്‍ ആക്രമിച്ച യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചത് 4 മണിക്കൂർ വൈകി

Published On: 2018-07-22 15:30:00.0
ഗോസംരക്ഷണ ഗുണ്ടകള്‍ ആക്രമിച്ച യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചത് 4 മണിക്കൂർ വൈകി

ആല്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം നടത്തിയ കൊലയില്‍ പൊലീസിനും പങ്ക്. ആള്‍ക്കൂട്ടം അവശനാക്കിയ അക്ബര്‍ഖാനെ ആശുപത്രിയിലെത്തിക്കാതെ 4 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചതായി റിപ്പോര്‍ട്ട്. ഇതിന് മുമ്പ് ഇവര്‍ പിടിച്ചെടുത്ത പശുക്കളെ ഗോശാലയിലെത്തിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ആശുപത്രിയിലേക്കുളള വഴി ഇവര്‍ ചായ കുടിക്കാന്‍ കയറിയതായും കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 12.41നാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട വിവരം പോലീസ് അറിഞ്ഞത്. 1.20ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചത് നാല് മണിക്കൂര്‍ വൈകി. അപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.

ആല്‍വാര്‍ ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് രഖ്ബറിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് രഖ്ബര്‍ പശുവിനെ വാങ്ങി മടങ്ങിയത്. അസ്ലം ഖാന്‍ രഖ്ബറിന്റെ ബൈക്കിലാണ് മടങ്ങി വന്നത്. രഖ്ബര്‍ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഇതിനിടെ അസ്ലം ഖാന്‍ സമീപത്തെ വയലിലേക്ക് ഓടിരക്ഷപെട്ടു. രഖ്ബര്‍ ഖാന് രക്ഷപെടാന്‍ കഴിഞ്ഞില്ല.

ഷീരകര്‍ഷകനായിരുന്നു കൊല്ലപ്പെട്ട രഖ്ബര്‍ ഖാന്‍ പത്തോളം പശുക്കളെ വാങ്ങി തന്റെ ഷീര ഫാം വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു രഖ്ബര്‍ ഖാന്‍. നിലവില്‍ മൂന്ന് പശുക്കളുണ്ട്. കൂടുതല്‍ പശുക്കളെ വാങ്ങുന്നതിനായി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വ്യാപകമായി പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഭാര്യയും ഏഴ് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രഖ്ബര്‍ ഖാന്‍.

ആല്‍വാറില്‍ ഒരുവര്‍ഷം മുമ്പ് പശുക്കടത്തിന്റെ പേരില്‍ ഒരാളെ അടിച്ചുകൊന്നത് ഏറെ വിവാദമായിരുന്നു. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട അക്ബര്‍ ഖാന്‍.

Top Stories
Share it
Top