ടാറ്റാ നാനോ '3ജി'യാവുന്നു, ഇത് സിങ്കൂരിനെ ഓര്‍ക്കാനുള്ള സമയം

ഇന്ത്യന്‍ മധ്യവര്‍ഗം തങ്ങളുടെ തൊപ്പിയിലെ തൂവലെന്ന മട്ടില്‍ അവതരിപ്പിച്ച നാനോ കാറാണ് ഇപ്പോള്‍ അതിന്റെ അവസാനത്തോടടുക്കുന്നത്. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വികസനജാഡകളുടെ പരിസമാപ്തികൂടിയാണ് ഇത്.

ടാറ്റാ നാനോ 3ജിയാവുന്നു, ഇത് സിങ്കൂരിനെ ഓര്‍ക്കാനുള്ള സമയം

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വസന്തം വിരിയിച്ച കാറാണത്രെ ടാറ്റാ നാനോ. ആ വസന്തത്തിന് അറുതിയാവുകയാണ് 2020 ഏപ്രിലോടെ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി 'സുസ്വാഗതം' എന്ന എസ്എംഎസ്സോടെ ഗുജറാത്തിലേക്ക് പച്ചപ്പരവതാനി വിരിച്ച് സ്വീകരിച്ച നാനോയ്ക്കാണ് ഈ ഗതികേട്.

2020 ഓടെ ഭാരത് -6 സ്റ്റാന്റേഡിലേക്ക് മാറാത്ത വാഹനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കാനനുവദിക്കില്ലെന്ന സുപ്രിം കോടതി ഇടപെടലോടെയാണ് നാനോയ്ക്ക് തിരശ്ശീല വീഴുന്നത്. ഭാരത് - 4 സ്റ്റാന്റേര്‍ഡ് 2017ലാണ് നടപ്പില്‍ വരുന്നത്. 2020 ല്‍ ഭാരത് -5 ഉം 2022 ല്‍ ഭാരത് -6 ഉം സ്വീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പാരീസ് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനു ശേഷം സര്‍ക്കാര്‍ ഇന്ധന നയത്തില്‍ മാറ്റം വരുത്തുകയും ഭാരത്-5 ഒഴിവാക്കി, നേരിട്ട് ഭാരത്-6 ലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. സുപ്രിം കോടതി നല്‍കിയിട്ടുള്ള ഗൈഡ്‌ലൈന്‍ അനുസരിച്ച് 2020 ഓടെ ടാറ്റ നാനോയും ഭാരത്- 6 ലേക്ക് മാറേണ്ടിവരും. അതിനാവശ്യമായ നിക്ഷേപം നടത്താന്‍ കമ്പനി തയ്യാറല്ലാത്ത സാഹചര്യത്തിലാണ് നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നത്. ടാറ്റ പുറത്തിറക്കുന്ന മറ്റു ചില വാഹനങ്ങളും ഇതോടൊപ്പം നിര്‍ത്താനുദ്ദേശിക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന കാര്യം തീരുമാനമായിട്ടില്ലെങ്കിലും നാനോ അതില്‍ ഉള്‍പ്പെടുന്ന കാര്യം ടാറ്റ പാസഞ്ചര്‍ വെഹിക്കില്‍ ബിസിനസ്സ് യൂണിറ്റ് പ്രസിഡന്റ് എം പരീക്ക് സ്ഥിരീകരിച്ചു.2008 ലാണ് ഗുജറാത്തില്‍ നിന്ന് നാനോ കാറുകള്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ ഇരുചക്രവാഹനങ്ങള്‍ക്കു പകരം എന്ന നിലയിലാണ് കമ്പനി അവതരിപ്പിച്ചത്. ആഗോളതലത്തില്‍ തന്നെ അത് വാര്‍ത്തയാവുകയും ചെയ്തു.

പക്ഷേ, ഇതിനേക്കാളുപരി നാനോ വാര്‍ത്തകളിലിടം പിടിച്ചത് കമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ്. പശ്ചമബംഗാളിലെ സിങ്കൂരിലാണ് ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മൊത്തം ആറ് ഇടങ്ങളില്‍ നിന്ന് സിങ്കൂരാണ് കമ്പനി തിരഞ്ഞെടുത്തത്. ഫാക്ടറിയ്ക്കുവേണ്ടി 997 ഏക്കര്‍ (4.03 ചതുരശ്രകിലോമീറ്റര്‍) ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ പാസാക്കിയ 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ചായിരുന്നു നടപടി. 1894 ലെ നിയമം പോലും സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സര്‍ക്കാരിനു നല്‍കാത്ത സാഹചര്യത്തില്‍ ടാറ്റയെ പോലുള്ള ഒരു സ്വകാര്യ മുതലാളിക്ക് ഭൂമി ഏറ്റെടുത്ത് നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ പിന്‍മാറാന്‍ തയ്യാറായില്ല.


സിങ്കൂര്‍ പ്രദേശത്തെ ഭൂമി പശ്ചിമബംഗാളിലെ തന്നെ ഏറ്റവും വളക്കൂറുളള പ്രദേശമാണ്. ഏകദേശം 15000ത്തോളം പേര്‍ ഈ ഭൂമിയില്‍ കൃഷി ചെയ്തു ജീവിക്കുന്നു. കമ്പനി സ്ഥാപിക്കപ്പെടുകയാണെങ്കില്‍ 1000 ത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. അതുതന്നെ പല പ്രദേശങ്ങളിലുളളവരായിരിക്കും. ഭൂമിയും തൊഴിലും നഷ്ടപ്പെടുമെന്നു മനസ്സിലാക്കിയ കര്‍ഷകര്‍ സമരത്തിലേക്കെടുത്തു ചാടി. തൃണമൂല്‍, എസ് യു സി ഐ തുടങ്ങി മാവോയിസ്റ്റുകള്‍ വരെ സമരത്തില്‍ പങ്കാളികളായി. മേധാ പട്ക്കര്‍, മഹേശ്വേതാ ദേവി, അപര്‍ണാ സെന്‍, അരുന്ധതീറോയ് തുടങ്ങി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായെത്തി.

മറുപുറത്ത് ഭരണകക്ഷിയായ സിപിഎമ്മും അണിനിരന്നു. സിപിഎം വ്യാപകമായ അക്രമമാണ് സമരക്കാര്‍ക്കെതിരേ അഴിച്ചുവിട്ടത്. സര്‍ക്കാര്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചു. ഇതിനിടയില്‍ 2006 ഡിസംബര്‍ 1 ന് ജില്ലാ ഭരണകൂടം ഭൂമി കമ്പിവേലി കൊണ്ട് അടച്ചുകെട്ടി. അടച്ചുകെട്ടിയ ഭൂമിയ്ക്ക് പോലിസും സിപിഎമ്മും ചേര്‍ന്ന് സംരക്ഷണ കവചം നിര്‍മിപ്പിച്ചു.


ഇതിനെതിരേ വമ്പിച്ച പ്രതിഷേധമാണ് സംസ്ഥാനത്തു മാത്രമല്ല, പുറത്തും അരങ്ങേറിയത്. ബന്ദും പ്രതിഷേധവും കനത്തതോടെ സിപിഎം നേരിട്ടു തന്നെ അക്രമങ്ങളഴിച്ചുവിട്ടു. നിരവധി സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ഭൂമി നഷ്ടപ്പെട്ട ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തപസി മാലിക് എന്ന കൗമാരക്കാരിയെ സിപിഎം ഗുണ്ടകള്‍ ചുട്ടുകൊന്നു. പോലിസും രാഷ്ട്രീയ നേതൃത്വവും ഒത്തുകളിച്ചതോടെ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന സ്ഥിതിയായി. ഒടുവില്‍ സിബിഐ അന്വേഷണം നടന്നു. സിപിഎം സോണല്‍ കമ്മറ്റി സെക്രട്ടറി സുഹ്രിദ് ദത്ത് പിന്നീട് ഇതിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ടു.

ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന അവസരമായിരുന്നു സിങ്കൂര്‍ സമരം. ഒടുവില്‍ സിപിഎമ്മിന്റെ മരണമണിയായും അത് മാറി. പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായതോടെ ടാറ്റ തങ്ങളുടെ കമ്പനി സിങ്കൂരില്‍ നിന്ന് പിന്‍വലിക്കാനും ഗുജറാത്ത് സര്‍ക്കാര്‍ വാഗ്ദ്ധാനം നല്‍കുന്ന സ്ഥലത്ത് സ്ഥാപിക്കാനും തീരുമാനിച്ചു.

ഇന്ത്യന്‍ മധ്യവര്‍ഗം തങ്ങളുടെ തൊപ്പിയിലെ തൂവലെന്ന മട്ടില്‍ അവതരിപ്പിച്ച നാനോ കാറാണ് ഇപ്പോള്‍ അതിന്റെ അവസാനത്തോടടുക്കുന്നത്. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വികസനജാഡകളുടെ പരിസമാപ്തികൂടിയാണ് ഇത്.Read More >>