പ്രേതബാധയുള്ള ശ്മശാനത്തിൽ ഉണ്ടുറങ്ങിയ എംഎൽഎയ്ക്ക് അഭിനന്ദിച്ച് പിണറായി വിജയൻ

Published On: 2018-06-24 16:15:00.0
പ്രേതബാധയുള്ള ശ്മശാനത്തിൽ ഉണ്ടുറങ്ങിയ എംഎൽഎയ്ക്ക് അഭിനന്ദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രേതബാധയുണ്ടെന്ന വിശ്വാസത്തിൽ തൊഴിലാളികൾ നിർമാണ പ്രവൃത്തികളിൽ നിന്നു പിന്മാറിയ ശ്മശാനത്തിൽ കിടന്നുറങ്ങിയ ആന്ധ്രപ്രദേശ് എംഎൽഎ നിമ്മല രാമ നായിഡുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ തെലുങ്ക് ദേശം എംഎൽഎയെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്.

ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോൽ മണ്ഡലം എംഎൽഎയാണ് നിമ്മല രാമ നായിഡു. മൂന്നു കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ ശ്മശാനത്തിന്റെ നവീകരണത്തിനു വേണ്ടി അനുവദിച്ചിരുന്നത്. രണ്ടു തവണ ടെണ്ടർ വിളിച്ചിട്ടും ആരും ശ്മശാനത്തിന്റെ കരാർ ഏറ്റെടുത്തിരുന്നില്ല. അതിനിടെ ഒരു വിധത്തിൽ ശുചീകരണ ജോലി ആരംഭിച്ചപ്പോഴാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. അതോടെ പണിയും നിർത്തി.

പ്രേതബാധയുള്ള സ്ഥലമാണിതെന്ന പ്രചാരണവും ശക്തമായി. ഇതിനു പിന്നാലെയാണ് എംഎൽഎ രംഗത്തെത്തിയത്. വെള്ളിയാഴ്ച എംഎൽഎ അത്താഴം കഴിച്ചതും ഉറങ്ങിയതുമെല്ലാം ശ്മശാനത്തിലായിരുന്നു. ഒപ്പം ആരെയും നിർത്തിയതുമില്ല. ശനിയാഴ്ച്ച വൈകിട്ട് ഉറങ്ങാനായി വരുമ്പോൾ ശ്മശാനത്തിൽ അൻപതോളം പേർ ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നിട്ടും ആ രാത്രി അദ്ദേഹം അവിടെ തങ്ങി.


Top Stories
Share it
Top