ആന്ധ്രയില്‍ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് അമിത് ഷാ

Published On: 11 May 2018 10:15 AM GMT
ആന്ധ്രയില്‍ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് അമിത് ഷാ

ഹൈദരാബാദ്: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആന്ധ്രയില്‍ പ്രതിഷേധം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് തിരുമലൈയില്‍ വെച്ച് ബിജെപി അദ്ധ്യക്ഷനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. അമിത് ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ ഷായുടെ വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ല് തകര്‍ത്തു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം തിരുപ്പതി ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ.

അമിത് ഷാ തിരുപ്പതിയിലെത്തിയപ്പോള്‍ തന്നെ തെലുങ്കുദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന ബിജെപി അദ്ധ്യക്ഷനെ ടി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിലെ കാറിന് നേരെ കല്ലെറിയുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും അമിത് ഷായുടെ വാഹന വ്യൂഹത്തെ വളരെ പ്രയാസപ്പെട്ടാണ് പോലീസ് കടത്തി വിട്ടത്.

നേരത്തെ ആന്ധ്രയ്ക്ക് പ്രത്യേക പദവി ന്ല്‍കാത്തതിനെ തുടര്‍ന്ന് ആന്ധ്രയിലെ ഭരണ കക്ഷി കൂടിയായ തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യം വിട്ടിരുന്നു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് ഉയര്‍ന്നു വന്നിരുന്നത്.

Top Stories
Share it
Top