കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; യോജിപ്പില്ലെന്ന് തസ്ലിമ നസ്‌റിന്‍

Published On: 2018-04-22 06:00:00.0
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; യോജിപ്പില്ലെന്ന് തസ്ലിമ നസ്‌റിന്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്റിന്‍. സമൂഹത്തെ മാറ്റിയെടുക്കുകയാണ് വേണ്ടത്. മനുഷ്യത്വമാണ് തന്റെ മതമെന്നും തസ്ലിമ പറഞ്ഞു.

''സ്പ്‌ളിറ്റ് എ ലൈഫ്'' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിന് കോഴിക്കോട് എത്തിയതായിരുന്നു തസ്ലിമ നസ്‌റിന്‍. പ്രകാശനത്തിന് ശേഷം സാഹിത്യകാരന്‍ ടി.പി. രാജീവനുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് തസ്ലിമ ഇക്കാര്യം പറഞ്ഞത്.

മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്. എന്നാല്‍ വധശിക്ഷയോട് യോജിപ്പില്ലെന്നും തസ്ലിമ പറഞ്ഞു. രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ വിശ്വാസമില്ല. മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്‌നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

1994 ല്‍ 'ലജ്ജ' എന്ന നോവലുമായി ബന്ധപ്പെട്ട് മതമൗലിക വാദികളുടെ ഭാഗത്തു നിന്നും ഉയര്‍ന്ന് വന്ന ഭീഷണിയെ തുടര്‍ന്ന് ബംഗ്ലാദേശ് വിട്ട ഇവര്‍ അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലായാണ് കഴിഞ്ഞ 20 വര്‍ഷമായി താമസിച്ചു പോരുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന തസ്ലിമ പുസ്തക പ്രകാശനത്തിനാണ് കേരളത്തിലെത്തിയത്.

Top Stories
Share it
Top