എംഎൽഎമാർക്കൊപ്പം റിസോർട്ടിൽ ആദിത്യ താക്കറെയും; മഹാരാഷ്ട്രയിൽ ബിജെപി നേതാക്കളുടെ യോഗം

സഖ്യ കക്ഷിയായ ശിവസേനയുമായി ഇടഞ്ഞു നിൽക്കുന്നസാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം യോഗം ചർച്ചചെയ്യും.

എംഎൽഎമാർക്കൊപ്പം റിസോർട്ടിൽ ആദിത്യ താക്കറെയും; മഹാരാഷ്ട്രയിൽ ബിജെപി നേതാക്കളുടെ യോഗം

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ബിജെപിയുടെ സംസ്ഥാന ഉന്നത നേതാക്കളുടെ സമിതി ഇന്ന് കൂടിക്കാഴ്ച നടത്തും. സഖ്യ കക്ഷിയായ ശിവസേനയുമായി ഇടഞ്ഞു നിൽക്കുന്നസാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം യോഗം ചർച്ചചെയ്യും.

ബിജെപി ചാക്കിട്ടുപിടിക്കുമെന്ന പേടിയിൽ ശിവസേന എംഎൽഎമാരെ മാധ് ദ്വീപിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കയാണ്. ബിജെപിക്ക് ഒരു തരത്തിലും തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാനാവില്ലെന്നും അതിനുള്ള ശ്രമങ്ങൾ ഏതുവിധേനയും തടയുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറ പറഞ്ഞു. റിസോർട്ടിൽ എംഎൽഎമാർക്കൊപ്പമാണ് ഉദ്ധവ് താക്കറയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറയും താമസിച്ചത്.

സർക്കാർ രൂപീകരണത്തിൽ പാതിനയം സ്വീകരിച്ച ശിവസേനയുടെ തീരുമാനത്തെ അംഗീകരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി, മന്ത്രി പദവികളിൽ 50-50 ഫോർമുലയാണ് ശിവസേന മുന്നോട്ടുവക്കുന്നത്. ഇതിനിടെ മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ഭഗത് സിങ് കോഷ്യാരി ക്ഷണിച്ചു. 105 സീറ്റാണ് ബിജെപിക്കുള്ളത് 145 പേരുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിനു വേണ്ടത്. 56 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണയില്ലെങ്കിൽ ബി.ജെ.പിക്ക് സർക്കാർ ഉണ്ടാക്കുക സാദ്ധ്യമല്ല. നവംബര്‍ 11ന് രാത്രി 8 മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ആവശ്യം.

രണ്ടരവർഷം മുഖ്യമന്ത്രി പദം തങ്ങൾക്കു നൽകണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നൽകിയ വാഗ്ദാനമാണ് അതെന്നും അത് പാർട്ടി പൂർത്തീകരിക്കണമെന്നും സേന ആവശ്യപ്പെടുന്നു.എന്നാൽ മുഖ്യമന്ത്രി പദം ഒഴികെ മറ്റെന്തിലും വിട്ടുവീഴ്ചയാകാമെന്ന നിലപാടിലാണ് ബി.ജെ.പി.

Read More >>