'ഹിറ്റ്ലര്‍ മരിച്ചു അടിമത്തം അവസാനിച്ചു', ബിജെപിയെ വിമര്‍ശിച്ച് ശിവസേന; ശിവസേന- എൻസിപി സഖ്യത്തെ കോൺഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കും?

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി നവംബർ 12ന് ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ

മുംബൈ: ബിജെപിയെ ജർമ്മൻ സ്വേഛാദിപതിയായ അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് ശിവസേന. ഇരുകൂട്ടര്‍ക്കുമിടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമാവുന്നതിന്‍റെ സൂചനകള്‍ നല്‍കിയാണ് ശിവസേന മുഖപത്രമായ സാമ്നയിലെ ഹിറ്റ്ലര്‍ പരാമര്‍ശം. ഡൽഹിയിലെ കേന്ദ്ര സർക്കാരിന്റെ അടിമയല്ല മഹാരാഷ്ട്രയെന്നും ശിവസേന വിമർശിച്ചു.

ഭീതിയുടെ രാഷ്ട്രീയം ബിജെപിക്ക് സഖ്യമുണ്ടാക്കാൻ സഹായിക്കില്ല. ഹിറ്റ്‌ലർ മരിച്ചുവെന്നും അടിമത്തം അവസാനിച്ചുവെന്നും ബിജെപി പഠിക്കണമെന്നും ശിവസേന പറയുന്നു. മഹാരാഷ്ട്രയിൽ ബിജെപിയുടെ മുഖ്യമന്ത്രി വേണ്ട, എന്തു വിലകൊടുത്തും അതിനെ എതിർക്കും. സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാരെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയായിരിക്കും തീരുമാനിക്കുകയെന്നും സാമ്‌നയിൽ പറയുന്നു.

ഇതിനിടെ എൻസിപിയുമായി സഖ്യം ചേർന്ന് ശിവസേന സർക്കാർ രൂപീകരിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസും അനുകൂലമായ പിന്തുണ നൽകിയേക്കും. പുറത്തുനിന്ന് കോൺഗ്രസ് പിന്തുണക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി എൻസിപി നേതാവ് ശരത് പവാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി നവംബർ 12ന് ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ബിജെപിയുടെ സംസ്ഥാന ഉന്നത നേതാക്കളുടെ കോർ സമിതി ഇന്ന് കൂടിക്കാഴ്ച നടത്തും. സഖ്യ കക്ഷിയായ ശിവസേനയുമായി ഇടഞ്ഞു നിൽക്കുന്നസാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം യോഗം ചർച്ചചെയ്യും.

ബിജെപി ചാക്കിട്ടുപിടിക്കുമെന്ന പേടിയിൽ ശിവസേന എംഎൽഎമാരെ മാധ് ദ്വീപിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കയാണ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ഭഗത് സിങ് കോഷ്യാരി ക്ഷണിച്ചിട്ടുണ്ട്. 105 സീറ്റാണ് ബിജെപിക്കുള്ളത് 145 പേരുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിനു വേണ്ടത്. 56 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണയില്ലെങ്കിൽ ബി.ജെ.പിക്ക് സർക്കാർ ഉണ്ടാക്കുക സാദ്ധ്യമല്ല. രണ്ടരവർഷം മുഖ്യമന്ത്രി പദം തങ്ങൾക്കു നൽകണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നൽകിയ വാഗ്ദാനമാണ് അതെന്നും അത് പാർട്ടി പൂർത്തീകരിക്കണമെന്നും സേന ആവശ്യപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രി പദം ഒഴികെ മറ്റെന്തിലും വിട്ടുവീഴ്ചയാകാമെന്ന നിലപാടിലാണ് ബി.ജെ.പി.

Read More >>