പണപ്പെരുപ്പത്തിൽ വലയുന്ന ജനത, ഇതാണ് പുതിയ ഇന്ത്യയുടെ മുഖമുദ്ര; വിലക്കയറ്റത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ 'നിർബല' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരിക്കെതിരെ പാർലമെന്റിൽ വിമർശനമുണ്ടായി

പണപ്പെരുപ്പത്തിൽ വലയുന്ന ജനത, ഇതാണ് പുതിയ ഇന്ത്യയുടെ മുഖമുദ്ര; വിലക്കയറ്റത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില ദിനംപ്രതി വർദ്ധിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഔദ്യോഗിക ട്വിറ്റർ അക്കൗലൂടെയായിരുന്നു കോൺഗ്രസിന്റെ വിമർശം. 'ഇതാണ് പുതിയ ഇന്ത്യയുടെ മുഖമുദ്ര. പണപ്പെരുപ്പത്തിൽ സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്.'-കോൺഗ്രസ് ട്വീറ്റ് ചെയ്തു. പെട്രോൾ,ഡിസൽ, പാചക വാതകം, ഉള്ളി എന്നിവയുടെ വിലയടക്കം പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

മറ്റൊരു ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നതായിരുന്നു. ഇപ്പോൾ പണപ്പെരുപ്പം സാദ്ധ്യമാണ്. കാരണം, മോദി വിചാരിച്ചാൽ എന്തും നടക്കും.'-എന്നായിരുന്നു ട്വീറ്റ്. 'നാ മുംകിൻ അബ് മുംകിൻ ഹേ, മോദി ഹേ തോ മുംകിൻ ഹേ' (നടക്കാത്തതെന്തും മോദിയുള്ളപ്പോൾ നടക്കും)-എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടാണ് കോൺഗ്രസ് ഈ ട്വീറ്റ് ഇട്ടത്.

അതേസമയം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ 'നിർബല' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരിക്കെതിരെ പാർലമെന്റിൽ വിമർശനമുണ്ടായി. ഉള്ളി വില വർദ്ധനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബി.ജെ.പി എം.പി പൂനം മഹാജനാണ് അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. പരാമർശത്തിൽ അധിർ ചൗധരി മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ' നിർമ്മല നിർഭലയല്ല. കോൺഗ്രസ് ആണ് നിർബല. അധിർ ചൗധരി കുടുംബത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, രാജ്യത്തിന് വേണ്ടിയല്ല. അതുകൊണ്ടാണ് നിങ്ങളെ ദുർബലനാകുന്നത്.'-പൂനം മഹാജൻ ആരോപിച്ചു. ഇതിനിടയിലും വിലക്കയറ്റത്തെക്കുറിച്ച് പറയാൻ ശ്രമിച്ച അധിർ ചൗധരിയുടെ വാക്കുകൾ കേൾക്കാൻ ബി.ജെ.പി തയ്യാറായില്ല.

ധനമന്ത്രിയെ നിർമ്മലാ സീതാരാമൻ എന്ന് വിളിക്കുന്നതിലും ഉചിതം നിർബലാ സീതാരാമൻ എന്ന് വിളിക്കുന്നതാണ് എന്നാണ് അധിർ ചൗധരി കുറ്റപ്പെടുത്തിയത്. 'ഞങ്ങൾ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. എന്നാൽ ചില സമയങ്ങളിൽ നിർമ്മലാ സീതാരാമൻ എന്നതിന് പകരം നിർബലാ സീതാരാമൻ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം എന്ന് ചിന്തിക്കാറുണ്ട്. നിങ്ങൾ ധനകാര്യമന്ത്രിയാണ്. എന്നാൽ സമ്പദ് വ്യവസ്ഥയെകുറിച്ച് മനസിൽ പോലും നിങ്ങൾ പറയാറുണ്ടോയെന്ന് ഞങ്ങൾക്കറിയില്ല.'- എന്നിങ്ങനെയായിരുന്നു അധിർ രഞ്ജൻ ചൗധരിയുട പരാമർശം.

ഇതിന് മറുപടിയുമായി നിർമ്മല സീതാരാമൻ തന്നെ രംഗത്തെത്തിയിരുന്നു. 'ഞാൻ നിർബലയല്ല, ഞങ്ങളുടെ പാർട്ടിലെ ഓരോ സ്ത്രീയും സബലയാണ് (കരുത്ത). ഞാൻ നിർമ്മലയാണ്. നിർമ്മലയായി തന്നെ തുടരും'- നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഈ സർക്കാരിലെ എല്ലാ സ്ത്രീകളും സബലകളാണെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചായത്ത് തലം മുതൽ ദേശീയ തലം വരെയുള്ള സ്ത്രീകൾക്ക് ബി.ജെ.പി കരുത്ത് നൽകിയിട്ടുണ്ട്. താനും എന്റെ പാർട്ടിയും എല്ലാ വിർശനങ്ങളും കേൾക്കുകയും അതിന് മറുപടി നൽകുകയും ചെയ്യുമെന്നും അവർ പറഞ്ഞിരുന്നു.

Read More >>