സ്റ്റെര്‍ലൈറ്റ് കമ്പനിയ്ക്ക് തിരിച്ചടി; പ്ലാന്റ് നിര്‍മാണം ഹൈക്കോടതി തടഞ്ഞു

Published On: 23 May 2018 8:45 AM GMT
സ്റ്റെര്‍ലൈറ്റ് കമ്പനിയ്ക്ക് തിരിച്ചടി; പ്ലാന്റ് നിര്‍മാണം ഹൈക്കോടതി തടഞ്ഞു

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിപുലീകരണം ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൻ്റെതാണ് വിധി. പ്രദേശവാസിയായ ആര്‍ ഫാത്തിമ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എം സുന്ദര്‍, അനിതാ സുമന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. വേദാന്തയുടെ പാരിസ്ഥിതിക അനുമതിയ്ക്കുള്ള അപേക്ഷ പ്രദേശവാസികളുടെ ഭാഗംകൂടി അറിഞ്ഞ ശേഷം നാല് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 23ന് മുമ്പ് അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ കമ്പനിയുടെ പുതിയ പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.

ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ പോലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഹൈക്കോടതി പ്ലാന്റ് വിപൂലീകരണത്തിന് സ്റ്റേ നൽകിയത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 65 പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടിയിലെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു. വെടിവെപ്പിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ കളക്ടറേറ്റ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ഫാക്ടറിക്കെതിരെ കഴിഞ്ഞ നൂറ്റൊന്ന് ദിവസമായി ജനങ്ങള്‍ തൂത്തുക്കുടിയില്‍ സമരം നടത്തിവരുകയാണ്. പ്ലാന്റില്‍ നിന്ന് പുറത്ത് വരുന്ന മാലിന്യം സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നുവെന്ന് ജനങ്ങള്‍ എറെക്കാലമായി പരാതിപ്പെടുന്നുണ്ടായിരുന്നു. തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിവാദത്തിലാകുന്നത് ആദ്യമായല്ല. ജയലളിത മുഖ്യമന്ത്രിയായ കാലത്ത് 2013ല്‍ ഇന്ധനച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

തൂത്തുക്കുടിയിൽ സമരക്കാരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എടപാടി പളനി സ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പട്ടാളി മക്കള്‍ കാച്ചി നേതാവ് അന്‍മ്പുമണി രാമദാസ് ആവശ്യപ്പെട്ടു.

Top Stories
Share it
Top