ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണനം; തൂത്തുകുടിയില്‍ അവസാനിക്കുന്നതല്ല വെടിയൊച്ചകള്‍

തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ പരിസ്ഥിക്ക് നാശം വിതയ്ക്കുന്ന വേദാന്താ ഗ്രൂപ്പിന്റെ ചെമ്പ് ശുദ്ധീകരണ ശാലയ്ക്ക് എതിരെ പ്രതിഷേധിച്ച 13 പേരെയാണ് പൊലീസ്...

ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണനം; തൂത്തുകുടിയില്‍ അവസാനിക്കുന്നതല്ല വെടിയൊച്ചകള്‍

തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ പരിസ്ഥിക്ക് നാശം വിതയ്ക്കുന്ന വേദാന്താ ഗ്രൂപ്പിന്റെ ചെമ്പ് ശുദ്ധീകരണ ശാലയ്ക്ക് എതിരെ പ്രതിഷേധിച്ച 13 പേരെയാണ് പൊലീസ് വെടിവച്ച് കൊന്നത്. പോലീസ് നടപടിയില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വന്തം മണ്ണിനെയും വായുവിനെയും വിഭവങ്ങളെയും മലിനമാക്കുന്ന കുത്തകള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ എങ്ങനൊണ് ഇന്ത്യയിലെ ഭരണകൂടങ്ങള്‍ നേരിടുക എന്നതിന്റെ നേര്‍ചിത്രമാണ്.


ജനങ്ങളുടെ ജീവിത സൗകര്യങ്ങളെ ചോദ്യം ചെയ്യുന്ന കുത്തകകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുക എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഭീഷണിയാണ്. തെരി ഡാമിനെതിരെ നടന്ന നര്‍മ്മദാ ബച്ചാവോ ആന്തോളന്‍, കൊടൈക്കനാല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പ്ലാന്റിനെതിരെയുള്ള സമരവും, പുതുവൈപ്പിനിലെ എല്‍.പി.ജി ഗ്യാസ് പ്ലാന്റിനു എതിരെയുണ്ടായ സമരവും ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലെ ഇരകളുടെ കാര്യവും എടുത്താല്‍ സംഗതി വ്യക്തമാണ്.

തമിഴ്‌നാട്ടില്‍ നിന്നും തന്നെ തുടങ്ങാം. 2011 ല്‍ കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ സമരം ചെയ്ത 7000ത്തോളം പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയായിരുന്നു ഭരണകൂടം നേരിട്ടത്. 2012 ജൂലൈ ഏഴിനാണ് ചത്തീസ്ഗഡില്‍ കല്‍ക്കരി ലോബിക്കെതിരെ പോരാടിയ രമേശ് അഗര്‍വാളിനെ രണ്ടംഗ സംഘം വെടിവച്ചു കൊന്നത്. വീടിന് സമീപം ഇന്റര്‍നെറ്റ് കഫേ നടത്തുകയായിരുന്ന രമേശ് അഗര്‍വാളിനെ കല്‍ക്കരി ലോബി വകവരുത്തുകയായിരുന്നു.

2016 ഒക്ടോബര്‍ ഒന്നിനാണ് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കല്‍ക്കരി ഖനികള്‍ക്കായി ഗ്രാമീണറുടെ കൃഷി സ്ഥലം
ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് വെടിവെയ്പ്പുണ്ടാകുകയും മൂന്ന് കൗമാരക്കാരടക്കം നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇവിടെ കര്‍ഷകരുടെ കൃഷി സ്ഥലത്തിന് വിലയിട്ടത് പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷനാണ്.

കഴിഞ്ഞ വര്‍ഷം മേയിലാണ് ഒറീസയിലെ ഗരോട്ടാ വില്ലേജിലെ വീട്ടില്‍ നിന്നും കുനി സിക്കാക്ക എന്ന 20 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കുനി വേദാന്താ ഗ്രൂപ്പിന്റെ നിയംഗിരി കുന്നുകളിലെ ഖനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. ആദിവാസി വിഭാഗം പരിശുദ്ധമായി കാണുന്നതാണ് നിയംഗിരി കുന്നുകള്‍. ഇവിടെ പോലീസ് നടപടിയെ തടുത്ത ഗ്രാമീണരെ തോക്കു ചൂണ്ടി പിന്തിരിപ്പിക്കുകയാണ് പൊലീസ് ചെയതത്. അറസ്റ്റ് ചെയ്ത കുനിയെയും കുടുംബാഗങ്ങളെയും മാവോവാദികളെന്ന പേരിലാണ് പൊലീസ് ചിത്രീകരിച്ചത്.

അതേസമയം നീയംഗിരി സമരമാണ് കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടന്നതില്‍ വിജയിച്ച സമരം. ആദിവാസികളുടെ ജനാധിപത്യമായ രീതിയിലെ സമരവും സുപ്രീംകോടതിയുടെ മേല്‍നോട്ടവും വേദാന്താ ഗ്രൂപ്പിന് നീയംഗിരി കുന്നുകളില്‍ നിന്നും പിന്മാറേണ്ടി വന്നു.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്ലോബല്‍ വിറ്റനസിന്റെ പഠനത്തില്‍ പ്രതിഷേധങ്ങളും സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ദ്ധനവാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2015 ല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ അഞ്ചെണ്ണമായിരുന്നെങ്കില്‍ 2016 ല്‍ 16 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തിലുള്ള കൊലപാതകങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്.


ഇതിനൊക്കെ കാരണം ഭരണ രംഗത്തെ കോര്‍പ്പറേറ്റുകളുടെ ഇടപെടലുകളാണ്. 2016ല്‍ ഫോറിന്‍ കോണ്‍ഡ്രിബ്യൂഷന്‍ റെഡുലേഷന്‍ ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതി പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനാകും. 2012-13 കാലഘട്ടം മുതല്‍ 2015-16 വരെ ഭരണകക്ഷിയായ ബിജെപി 705.81 കോടിയാണ് കോര്‍പ്പറേറ്റ് സംഭാവനയായി സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷമായ കോണ്‍ഗ്രിസിന്റെത് 198.16 കോടിയും.

ഇതുപോലെ കോര്‍പ്പറേറ്റ് സര്‍ക്കാര്‍ ബന്ധങ്ങളുടെ ചില ഉദാഹരണങ്ങളാണിത്. മദ്ധ്യപ്രദേശിലെ സിഗ്‌റാലിയില്‍ 54 ഗ്രാമങ്ങളിലായാണ് എസ്സാര്‍ ഹിന്റാല്‍ക്കോ ഗ്രൂപ്പിന്റെ ഖനികളുള്ളത്. ഇവിടെ പോലീസ് സ്റ്റേഷന്‍ പോലും അവരുടെ കോമ്പൗണ്ടിലാണ്. പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവര്‍ കോര്‍പ്പറേറ്റുകളുടെ രജിസ്റ്ററില്‍ പേര് എഴുതി മാത്രം അകത്ത് കടക്കാനാകും. ഇവിടെ തൂത്തുകുടിയില്‍ പോലീസ് സ്‌റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ വേദാന്താ ഗ്രൂപ്പ് നല്‍കിയതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പലയിടത്തും കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി എന്നത് കോര്‍പ്പറേറ്റ് - ഭരണകൂട ബന്ധങ്ങള്‍ മറയ്ക്കാനും ഉപയോഗിക്കപ്പെടുന്നു. ഭരണ കൂടങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളോട് അടുപ്പം കൂടുമ്പോള്‍ തോക്കിന്‍ മുനകള്‍ ജനങ്ങള്‍ക്കു നേരൊയകും.

Story by
Read More >>