തൂത്തുകുടി സ്റ്റര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published On: 2018-05-28 12:45:00.0
തൂത്തുകുടി സ്റ്റര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

തൂത്തുകുടി: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ വേദാന്ദാ ഗ്രൂപ്പിന്റെ തൂത്തുകുടിയിലെ സ്റ്റര്‍ലെറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ജനങ്ങളുടെ വികാരത്തെ മാനിച്ചുള്ള നടപടിയാണെന്ന് മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞു. സ്റ്റര്‍ലെറ്റ് പ്ലാന്റിനെതിരെയുണ്ടായ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മേഖലയിലെ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അടച്ചു പൂട്ടല്‍ തീരുമാനത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ നേരിടുമെന്ന് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ പലതവണ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഫാക്ടറി പൂട്ടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

പ്ലാന്റില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നുമായിരുന്നു സമരക്കാരുടെ ആരോപണം. പലരും ശ്വാസകോശരോഗങ്ങളും ചര്‍മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ട്. സര്‍ക്കാരും മലിനീകരണനിയന്ത്രണ ബോര്‍ഡും മുറവിളികള്‍ക്കുനേരെ മുഖംതിരിക്കുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നുമാണ് സമരക്കാര്‍ ആരോപിക്കുന്നത്. നേരത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാന്റ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

Top Stories
Share it
Top