തൂത്തുക്കുടി വെടിവയ്പ്പ്; അന്വേഷണത്തിന്റെ പേരില്‍ കുറ്റാരോപിതരുടെ കുടുംബത്തെ ശല്യപ്പെടുത്തരുത്: മദ്രാസ് ഹൈക്കോടതി 

Published On: 1 Jun 2018 10:15 AM GMT
തൂത്തുക്കുടി വെടിവയ്പ്പ്; അന്വേഷണത്തിന്റെ പേരില്‍ കുറ്റാരോപിതരുടെ കുടുംബത്തെ ശല്യപ്പെടുത്തരുത്: മദ്രാസ് ഹൈക്കോടതി 

ചെന്നെെ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പ് കേസില്‍ പൊലീസിനേയും സർക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ കാണാതായ കുറ്റാരോപിതരുടെ കുടുംബത്തെ വേട്ടയാടരുതെന്ന് മദ്രാസ് ഹൈക്കോടതി പൊലീസിനെ താക്കീത് ചെയ്തു. പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവച്ചത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി സമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂണ്‍ ആറിനകം മറുപടി നല്‍കണം.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉയര്‍ത്തുന്ന മലിനീകരണത്തിനെതിരെ പരിസരവാസികള്‍ നടത്തിയ സമരത്തിന് നേരെ കഴിഞ്ഞ മാസമുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 13 പേർ കൊല്ലപ്പെടുകയും 102 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസിന്റെ ഉപസ്ഥാപനമാണ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ്.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി പ്ലാന്റ് താത്കാലികമായി അടച്ചുപൂട്ടി.

തമിഴ്‌നാട് സര്‍ക്കാര്‍ വേദാന്തയ്ക്ക് ഫേസ് രണ്ടിന്റെ നിര്‍മാണത്തിന് നല്‍കിയ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയും സര്‍ക്കാര്‍ റദ്ദാക്കി. തൂത്തുക്കുടുയിലെ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണശാല സ്ഥിരമായി അടച്ചുപൂട്ടുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശൈല്‍വം പറഞ്ഞു.

Top Stories
Share it
Top