ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ കൊന്നു കളയുമെന്ന് നേതാവ് ശ്യാമപാഡ മണ്ഡൽ

ബിജെപി പ്രവർത്തകർക്കെതിരെ പതികരിക്കുന്നവരെ ആദ്യം ശാന്തരാക്കാൻ ശ്രമിക്കും അത് പ്രവർത്തിച്ചില്ലെങ്കിൽ അക്രമികളെ എന്നന്നേക്കുമായി ഉറക്കുമെന്നായിരുന്നു പ്രസ്താവന

ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ കൊന്നു കളയുമെന്ന് നേതാവ് ശ്യാമപാഡ മണ്ഡൽ

കൊൽക്കത്ത: ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ കൊന്നു കളയുമെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവ് ശ്യാമപാഡ മണ്ഡൽ. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ എന്നന്നേക്കുമായി ഉറക്കുമെന്നാണ് സെയ്ന്തിയയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലിക്കിടെ ബിർബം ജില്ല ബിജെപി പ്രസിഡന്റുകൂടിയായ മണ്ഡാല്‍ പറഞ്ഞത്.

'അക്രമകാരികളായ ആനകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് നിങ്ങൾക്കറിയാം. ആദ്യം അവരെ ശാന്തരാക്കാൻ ശ്രമിക്കും അത് നടന്നില്ലെങ്കിൽ മരുന്ന് കുത്തിവെച്ച് കൊല്ലും. ഇതുപോലെ ബിജെപി പ്രവർത്തകർക്കെതിരെ പതികരിക്കുന്നവരെ ആദ്യം ശാന്തരാക്കാൻ ശ്രമിക്കും അത് പ്രവർത്തിച്ചില്ലെങ്കിൽ അക്രമികളെ എന്നന്നേക്കുമായി ഉറക്കും'-മണ്ഡാൽ പറഞ്ഞു.

എന്നാൽ ബിജെപി നേതാവിന്റെ പ്രസ്താവനയിൽ അതിശയിക്കാനില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

മണ്ഡാലിന്റെ പ്രസ്താവനയിൽ അതിശയിക്കാനൊന്നുമില്ല. സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലിപ് ഘോഷും ഇതേ രീതിയിലാണ് സംസാരിക്കുന്നതെന്നും ഭട്ടാചാര്യ പറഞ്ഞു. പ്രതിഷേധക്കാരെ പട്ടികളെ കൊല്ലും പോലെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഘോഷ് മുമ്പ് പറഞ്ഞത്.

Read More >>