പന്തല്‍ പണിയാന്‍ പോലും സാധിക്കാത്തവര്‍ക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാവില്ല; ബി.ജെ.പിക്കെതിരെ മമതാ ബാനര്‍ജി

Published On: 21 July 2018 9:30 AM GMT
പന്തല്‍ പണിയാന്‍ പോലും സാധിക്കാത്തവര്‍ക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാവില്ല; ബി.ജെ.പിക്കെതിരെ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ അദ്ധ്യക്ഷ മമതാ ബാനര്‍ജി. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വലിയ തിരിച്ചടി കിട്ടുമെന്നും ബി.ജെ.പി 100ല്‍ താഴെ സീറ്റിലേക്ക് ചുരുങ്ങുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തിയില്‍ പാര്‍ട്ടി രക്തസാക്ഷി റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ഇതിനുള്ള വഴി ബംഗാളില്‍ തുറക്കും. ബംഗാളിലെ 42 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കും. ശരിയായ രീതിയില്‍ പന്തല്‍ പണിയാന്‍ സാധിക്കാത്തവരാണ് രാജ്യത്തെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതെന്ന് മമത പരിഹസിച്ചു. ഈയിടെ ബംഗാളില്‍ മോദിയുടെ പരിപാടിക്കായ് സ്ഥാപിച്ച പന്തല്‍ തകര്‍ന്ന് 90 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങള്‍ക്കിടയില്‍ താലിബാനിസം വളര്‍ത്തുകയാണ്. ഇരു സംഘടനയിലും നല്ല ആള്‍ക്കാരുമുണ്ട്. എന്നാല്‍ ബാക്കിയുള്ളവര്‍ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് കളിക്കുന്നതെന്നും മമത വിമര്‍ശിച്ചു. ബി.ജെ.പി യെ ഒഴിവാക്കു രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാഖ്യം ഉയര്‍ത്തി ആഗസ്ത് 19ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍ രാജ്യത്തെ വിവിധ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുമെന്നും മമത അറയിച്ചു.

ബി.ജെ.പി മുന്‍ രാജ്യസഭാ എം.പി ചന്ദന്‍ മിത്ര, കോണ്‍ഗ്രസ് എം.എല്‍.എമാരായ സമര്‍ മുഖര്‍ജി, അബു താഹെര്‍, സബിന യാസാമിന്‍, അക്രുസ്മാന്‍ എന്നിവര്‍ റാലിയില്‍ തൃണമൂലില്‍ ചേര്‍ന്നു. 1993 ല്‍ പൊലീസ് വെടിവെയ്പ്പില്‍ 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായാണ് റാലി.

Top Stories
Share it
Top