തൂത്തുക്കുടി വെടിവെപ്പ്: കലക്‌ട്രേറ്റിനകത്തുളളവരെ സംരക്ഷിക്കാനെന്ന് ഡിജിപി

Published On: 2018-07-03 04:00:00.0
തൂത്തുക്കുടി വെടിവെപ്പ്: കലക്‌ട്രേറ്റിനകത്തുളളവരെ സംരക്ഷിക്കാനെന്ന് ഡിജിപി

ചെന്നൈ: തൂത്തുകുടിയിൽ സ്‌റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ വെടിവെച്ചത് കലക്ട്രേറ്റിനകത്തുണ്ടായിരുന്ന ജനങ്ങളെ സംരക്ഷിക്കാനെന്ന് തമിഴ്‌നാട് ഡിജിപി. ടി.കെ രാജേന്ദ്രന്‍. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് പൊലീസ് വെടിവയ്പ്പു നടത്തിയത് കലക്ടര്‍ ഓഫീസ് പരിസരത്തുണ്ടായിരുന്ന 277 പേരെ സംരക്ഷിക്കാനായിരുന്നെന്ന ഡിജിപിയുടെ വിശദീകരണം.

വെടിവയ്പ്പുമായി ബന്ധപ്പട്ടുള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തു കൊണ്ടു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിജിപിയുടെ പരാമര്‍ശം. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 28 ലക്ഷത്തോളം രൂപ മതിപ്പു വരുന്ന പൊതുസ്വത്തിന് പ്രതിഷേധക്കാർ നാശം വരുത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊലീസ് വാഹനങ്ങള്‍ക്കും ബൂത്തുകള്‍ക്കും ടാസ്മാക് ഔട്‌ലറ്റുകള്‍ക്കും വന്നത് 15.67 കോടി രൂപയുടെ നഷ്ടമാണ്. സി.ബി-സി.ഐ.ഡി നടത്തുന്ന അന്വേഷണം കൃത്യമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും, സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഡിജിപി അവകാശപ്പെടുന്നു. പ്രതിഷേധറാലിയില്‍ പങ്കെടുത്ത 259 പേര്‍ക്കെതിരെ 235 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സ്റ്റേറ്റ്‌മെന്റില്‍ പരാമര്‍ശമുണ്ട്.

Top Stories
Share it
Top