സ്റ്റര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ ഉത്തരവ്, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published On: 24 May 2018 5:00 AM GMT
സ്റ്റര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ ഉത്തരവ്, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തൂത്തുകുടി: സ്റ്റര്‍ലെറ്റ് ചെമ്പു കമ്പനി അടച്ചു പൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. കമ്പനിക്കുള്ള വൈദ്യുത വിതരണം നിര്‍ത്തലാക്കാനും ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. പ്രവര്‍ത്തനാനുമതി ആവശ്യപ്പെട്ട് വേദാന്താ ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയും ബോര്‍ഡ് തള്ളി. മെയ് 18, 19 തീയ്യതികളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. വേദാന്താ ഗ്രൂപ്പിന് കീഴില്‍ തൂത്തുകുടി ജില്ലയിലുള്ള സ്റ്റര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുള്ള ജനങ്ങളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

തൂത്തുകുടിയിലെ പൊലീസ് വെടിവയ്പ്പിൽ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടേര്‍ഡ്‌ ഹൈക്കോടതി ജഡ്ജി അരുണ ജഗദീഷിനാണ് അന്വേഷണ ചുമതല. സംഭവത്തെ തുടര്‍ന്ന് തൂത്തുകുടി ജില്ലാ കലക്ടര്‍ എന്‍. വെങ്കിടേഷിനെയും എസ്.പി പി. മഹേന്ദ്രനെയും സ്ഥലം മാറ്റിയിട്ടുണ്ട്. തിരുനല്‍വേലി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരിയെയും നീലഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് മുരളി രംഭയെയുമാണ് ഇവര്‍ക്ക് പകരം നിയമിച്ചിട്ടുള്ളത്.

തൂത്തുകുടിയിലെ സ്റ്റര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡി.എം.കെയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയതിട്ടുണ്ട്. നേരത്തെ പ്രദേശത്ത് സംഘര്‍ഷം ബാധിക്കാതിരിക്കാന്‍ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. മെയ് 27 വരെയാണ് നിയന്ത്രണം.

അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 67 പേരെ പൊലീസ് അറ്സ്റ്റ് ചെയ്തിട്ടുണ്ട്.

Top Stories
Share it
Top