ടിക്കറ്റ് പ്ലീസ് ! കള്ളവണ്ടി കയറുന്ന ഇന്ത്യാക്കാര്‍ ഇസ്രായേല്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍

കള്ളവണ്ടിയില്‍ യാത്ര ചെയ്യാനുള്ള ഇന്ത്യാക്കാരുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതാണ് മെട്രോകളിലും കള്ളവണ്ടി കയറുന്നവര്‍ അനവധിയാണെന്നത്.

ടിക്കറ്റ് പ്ലീസ് ! കള്ളവണ്ടി കയറുന്ന ഇന്ത്യാക്കാര്‍ ഇസ്രായേല്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍

ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ പ്രകാരം 10 മാസത്തിനിടയില്‍ കള്ളവണ്ടി കയറിയ ഇന്ത്യാക്കാരുടെ എണ്ണം ഇസ്രായേല്‍ ജനസംഖ്യയെക്കാള്‍ കൂടുതലാണ്. 89 ലക്ഷം ആളുകളെയാണ് കള്ളവണ്ടി കയറിയതിന് റെയില്‍വേ അധികൃതര്‍ കൈയ്യോടെ പിടിച്ചത്.

2016 നും 2019 നും ഇടയില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ നിന്നു പിടിച്ചവരുടെ കൈയില്‍ നിന്നും ഈടാക്കിയ പിഴ കൊണ്ട് മാത്രം ഇന്ത്യന്‍ റെയില്‍വേക്ക് പിഴയില്‍ നിന്നും ലഭിക്കുന്ന വരുമാനം 30 ശതമാനം ഉയര്‍ന്നു. 1377 കോടി രൂപയാണിത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ ഒരു യാത്രക്കാരന്‍ ടിക്കറ്റിന്റെ ചാര്‍ജിന്റെ കൂടെ കുറഞ്ഞത് 250 രൂപ പിഴയായി നല്‍കണം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മൂലം നഷ്ടമാകുന്ന വരുമാനത്തെകുറിച്ച് 2018 ല്‍ പാര്‍ലമെന്റ് റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കള്ളവണ്ടിയെന്നാല്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് മാത്രമാണെന്ന ധാരണയുണ്ടെങ്കില്‍, അത് തെറ്റാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ഏത് പൊതുവാഹനത്തിലാണെങ്കിലും അത് കള്ളവണ്ടിയാണ്. ബസും, മെട്രോ ട്രെയിനും എല്ലാം അതില്‍പെടും. ബസിന്റെ കാര്യത്തില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനുള്ള വഴിയുമായി സജീവമായുള്ള നഗരങ്ങള്‍ ഭുവനേശ്വറും, ഹൈദരാബാദുമാണ്. തുടക്കത്തില്‍ അധിക പിഴ ഈടാക്കി നോക്കിയെങ്കിലും ഫലം കാണാഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ കൂടുതല്‍ ഇന്‍സ്‌പെക്ടേഴ്‌സിനെ നിയമിച്ചിരിക്കുകയാണ്.

1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ടിക്കറ്റോ പാസോ ഇല്ലാതെ ബസില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും ടിക്കറ്റ് നിരക്കിന്റെ പത്ത് മടങ്ങ് തുക വരെ പിഴയായി ഈടാക്കാം.

കള്ളവണ്ടിയില്‍ യാത്ര ചെയ്യാനുള്ള ഇന്ത്യാക്കാരുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതാണ് മെട്രോകളിലും കള്ളവണ്ടി കയറുന്നവര്‍ അനവധിയാണെന്നത്. അതിസൂക്ഷമമായി പരിശോധനകള്‍ നടക്കുകയും,ടിക്കറ്റ് ഇല്ലാതെ അകത്തുകടക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതുമായ മെട്രോ ട്രെയിനുകളില്‍ പോലും യാത്രക്കാര്‍ യാതൊരു തടസവുമില്ലാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നു. എങ്ങനെയെന്നോ? പാസ്/ ടിക്കറ്റ് സ്വയ്പ്പ്് ചെയ്ത് ഇലക്ട്രിക് വാതിലുകളിലൂടെ കടക്കുമ്പോള്‍ ഒരാള്‍ക്ക് പകരം രണ്ട് പേര്‍ ഒറ്റയടിക്ക് കയറുകയും, ചെറിയ കുട്ടികളെ ഡോറിന്റെ മുകളിലൂടെയും താഴത്തുകൂടിയും കയറ്റി വിടുകയും ചെയ്താണ് കള്ളവണ്ടി കയറുക എന്ന സ്വപ്നം പലരും സാക്ഷാത്കരിക്കുന്നത്.

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ 41,366 യാത്രക്കാരില്‍ നിന്നായി 53.77 ലക്ഷം രൂപയാണ് ഡല്‍ഹി മെട്രോക്ക് പിഴയായി ലഭിച്ചത്. നിശ്ചിത വിഭാഗം ആളുകള്‍ കൈയ്യില്‍ പണമില്ലാഞ്ഞിട്ടാണ് കള്ളവണ്ടി കയറുന്നത് എങ്കില്‍ സര്‍ക്കാറിന് അങ്ങനെ പണമടക്കണ്ട എന്ന മനോഭാവം കൊണ്ടും കള്ളവണ്ടി കയറുന്നതിലെ ത്രില്‍ കൊണ്ടും ഈ പ്രവര്‍ത്തി ചെയ്യുന്നവര്‍ ഏറെയാണ്. പൊതുഗതാഗതത്തിന് എതിരെയുള്ള ജനങ്ങളുടെ മനോഭാവത്തിനാണ് ആദ്യം പ്രതിവിധി കാണേണ്ടത്

Read More >>