പുകയില ഉത്പ്പന്നങ്ങളുടെ 50ശതമാനം വിലവര്‍ധന; കോടികണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുമെന്ന് പഠനം

Published On: 14 April 2018 2:15 PM GMT
പുകയില ഉത്പ്പന്നങ്ങളുടെ 50ശതമാനം വിലവര്‍ധന; കോടികണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: സിഗരറ്റ് വിലയിലെ 50 ശതമാനം വിലവര്‍ധന നാലുകോടി അമ്പതുലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കുമെന്ന് സാമ്പത്തിക വിദഗ്ദരുടെയും ഗവേഷകരുടെയും അവകാശവാദം. ഇന്ത്യയടക്കം 13 ഇടത്തരം സമ്പന്ന രാജ്യങ്ങളിലെ സിഗരറ്റ് ഉപഭോഗത്തെ കുറിച്ചുള്ള പഠനമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് 21ാം നൂറ്റാണ്ടിലെ ഒരു ലക്ഷം കോടി ജനങ്ങളുടെ മരണത്തിന് പുകവലി കാരണമാകുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള ഇടത്തരം സമ്പന്ന രാജ്യങ്ങളില്‍ ഇത് കുറവാമെന്നും പഠനം കണ്ടെത്തി.

ഫലപ്രദമായ പുകയില നിയന്ത്രണത്തിലൂടെ ലക്ഷകണക്കിനാളുകളുടെ മരണത്തെ ചെറുക്കാന്‍ സാധിക്കും. പുകയില ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെയുള്ള യുവാക്കളുടെ പുകയില ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും പറയുന്നു. രാജ്യത്തെ പുകയില ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ഉയര്‍ത്തിയതിലൂടെ പുകയില ഉപഭോഗത്തില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. 2016 ലെ പഠനം പ്രകാരം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി,പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബത്തിലെ ചെറുപ്പക്കാര്‍ ബീഡിക്ക് പകരമായി സിഗരറ്റാണ് ഉപയോഗിക്കുന്നത്. ഈ പഠനത്തിലൂടെ പുകവലിക്കാരുടെ വയസ്, പുകവലിക്കാനെടുക്കുന്ന സമയം, പുകവലിക്കായി ചിലവിടുന്ന പണം എന്നിവയാണ് ഗവേഷകര്‍ കണക്കുകൂട്ടിയത്.

കഴിഞ്ഞ കാലങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയില്‍ നേരിയ വര്‍ധനവ് വരുത്തിയതില്‍ ഗവേഷകര്‍ കേന്ദ്ര ധനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. നിലവില്‍ ചെറുകിട പുകയില ഉത്പ്പന്നങ്ങളുടെ വിലയില്‍ 43 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 13 ഇടത്തരം രാജ്യങ്ങളിലെ നികുതിയേക്കാള്‍ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. പുകയില ഉത്പ്പന്നങ്ങള്‍ക്ക് 65 മുതല്‍ 80ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്ന് ലോകബാങ്ക് നിര്‍ദ്ദശിച്ചിരുന്നു. ഇത് പുകവലിക്കാരുടെ ഉപയോഗത്തെ കുറയ്ക്കുമെന്നാണ് ലോകബാങ്കിന്റെ കണക്ക്കൂട്ടല്‍.

Top Stories
Share it
Top