ഡല്‍ഹിയില്‍ 16000 മരം മുറിക്കാനുള്ള നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ

Published On: 25 Jun 2018 9:30 AM GMT
ഡല്‍ഹിയില്‍ 16000 മരം മുറിക്കാനുള്ള നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളനികളുടെ പുനര്‍ നിര്‍മ്മാണത്തിനായി 16000 മരങ്ങള്‍ മുറിക്കാനുള്ള നീക്കം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൂലൈ രണ്ട് വരെയാണ് സ്‌റ്റേ. മരം മുറിക്കാന്‍ ഉത്തരവിട്ട കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തു.

റോഡ്, കെട്ടിട വികസനങ്ങള്‍ക്കായി ഇത്രയും മരങ്ങള്‍ മുറിക്കുന്നത് ഡല്‍ഹിക്ക് താങ്ങാനാകുന്നതാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് കോടതി ജൂലൈ നാലിന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്‌ട്രേക്ഷന്‍ ബോര്‍ഡാണ് ഏഴ് കോളനികള്‍ പുനര്‍ നിര്‍മ്മിക്കുന്നത്. സരോജിനി നഗര്‍, നൗരോജി നഗര്‍, നേതാജി നഗര്‍ എന്നിവിടങ്ങളിലായാണ് കോളനികളുടെ നവീകരണം നടക്കുന്നത്.

വനം വകുപ്പ് മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സരോജിനി നഗറില്‍ 13128 മരങ്ങളില്‍ 11000വും മുറിക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെട്ട ദേശീയ ഹരിത ട്രൈബ്യൂണല്‍ ജൂലൈ രണ്ടിന് കേസ് പരിഗണിക്കും.

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട സംഭവം ഡല്‍ഹിയില്‍ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും അവസാനം തീരുമാനം എടുത്തത് ലഫ്. ഗവര്‍ണറാണെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് സൗരവ് ഭരത്ദ്വാജ് പറഞ്ഞു. ആം ആദ്മി പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും എ.എ.പി മന്ത്രിയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നും ബി.ജെ.പി ഡല്‍ഹി ഘടകം ആരോപിച്ചു.


Top Stories
Share it
Top