ത്രിപുര കോൺഗ്രസിന് ഇനി രാജ പിന്തുണയില്ല; പ്രദ്യോത് ദേബ് ബർമൻ പാർട്ടി വിട്ടു

അസം പൗരന്മാരുടെ പട്ടിക പോലെ സംസ്ഥാനത്തും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ബർമാൻ ഹർജി സമർപ്പിച്ചിരുന്നു

ത്രിപുര കോൺഗ്രസിന് ഇനി രാജ പിന്തുണയില്ല; പ്രദ്യോത് ദേബ് ബർമൻ പാർട്ടി വിട്ടു

അഗർത്തല: ത്രിപുര കോൺഗ്രസ് അദ്ധ്യക്ഷനായ രാജാവ് കിരിത് പ്രദ്യോത് ദേബ് ബർമൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. അഴിമതിയും ഗ്രൂപ്പിസവും ആരോപിച്ചാണ് രാജി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പാർട്ടി വിടുന്ന കാര്യം അറിയിച്ചത്.

' ഞാൻ ഈ ദിവസം തുടങ്ങി. അഴിമതിക്കാരായ വ്യക്തികളെ എങ്ങനെ ഉന്നത പദവിയിൽ എത്തിക്കാമെന്നതിനെക്കുറിച്ചുള്ള ഹൈക്കമാന്റിന്റെ വാക്കുകൾക്ക് ഇനി ചെവി കൊടുക്കേണ്ടതില്ല. ഞാൻ ശ്രമിച്ചിരുന്നു, പക്ഷേ പരാജയപ്പെട്ടു. തുടക്കം മുതൽ ഒറ്റക്കായിരുന്ന ഈ പോരാട്ടം ഞാൻ എങ്ങനെ ജയിക്കാനാണ്? ഇന്ന് സംസ്ഥാനത്തിന് ശുദ്ധവും സത്യസന്ധവുമായ മനസ്സോടെ സംഭാവനകൾ നൽകാൻ എനിക്ക് സാധിക്കും. ത്രിപുരയെ നശിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ അനുവദിച്ചുകൊടുക്കാൻ ഞാൻ ഒരുക്കമല്ല.'-അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ലൂയിസിൻഹോ ഫലേരിയോയുമായി ബർമാന് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എൻ.ആർ.സി ബിൽ പുതുക്കണമെന്നാവശ്യപ്പെട്ട് പ്രദ്യോത് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജിയെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുന്നത്. ത്രിപുര കോൺഗ്രസിലേക്ക് ബി.ജെ.പി, ആർ.എസ്.എസ് അനുഭാവികളെ കടക്കാൻ അനുവദിക്കില്ലെന്ന് ബർമൻ പറഞ്ഞിരുന്നു.

അസം പൗരന്മാരുടെ പട്ടിക പോലെ സംസ്ഥാനത്തും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ബർമാൻ ഹർജി സമർപ്പിച്ചിരുന്നു. ഹരജി പിൻവലിക്കാൻ ഫലേരിയോ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ബർമാൻ ആരോപിച്ചിരുന്നു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ എൻ.ആർ.സി വിഷയത്തിൽ ബാർമാനും ഫലേരിയോയും തമ്മിൽ ഏറ്റുമുട്ടലുണ്ടെന്ന് സൂചനയുണ്ടായിരുന്നു.

മാണിക്യ രാജവംശത്തിലെ ഇപ്പോഴത്തെ രാജാവാണ് കിരിത് പ്രത്യോത് ദേബ് ബർമൻ. ത്രിപുരയിലെ രാജാക്കമാരുടെ സ്ഥാനപ്പേരാണ് മാണിക്യ. ഇന്തോ-മംഗോളിയൻ വംശജരാണ് ഈ രാജാക്കന്മാർ. 1280-ൽ രത്‌ന ഫാ എന്ന രാജാവ് (പിന്നീട് രത്‌ന മാണിക്യൻ എന്ന് അറിയപ്പെട്ടു) മാണിക്യൻ എന്ന പദവി സ്വീകരിച്ചതോടെയാണ് ഈ രാജവംശം ആരംഭിക്കുന്നത്. മാണിക്യ രാജവംശത്തിലെ അവസാനത്തെ സ്വതന്ത്ര രാജാവ് കിരിത് ബിക്രം കിഷോർ ദേബ് ബർമൻ ആയിരുന്നു. 1947 മുതൽ 1949 വരെ (ഇന്ത്യയുമായി ത്രിപുര ലയിക്കുന്നതുവരെ) അദ്ദേഹം രാജ്യം ഭരിച്ചു. 19-ആം നൂറ്റാണ്ടിൽ രാജ്യം ഭരിച്ച ബീർ ചന്ദ്ര മാണിക്യ ബഹദൂർ പ്രശസ്തനായ ഭരണാധികാരി ആയിരുന്നു.

Read More >>