'ധൈര്യമുണ്ടെങ്കില്‍ അട്ടിമറിക്കൂ; മഹാരാഷ്ട്രയില്‍ താമര വിത്തു നടാന്‍ അനുവദിക്കില്ല': ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

എൻസിപിയും ശിവസേനയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും സർക്കാർ താഴെ വീഴുമെന്നുമുള്ള ബിജെപിയുടെ പ്രചാരണത്തിനോട് പ്രതികരിച്ചാണ് ഉദ്ധവിന്റെ പ്രസ്താവന.

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. എൻസിപിയും ശിവസേനയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും സർക്കാർ താഴെ വീഴുമെന്നുമുള്ള ബിജെപിയുടെ പ്രചാരണത്തിനോട് പ്രതികരിച്ചാണ് ഉദ്ധവിന്റെ പ്രസ്താവന. ജൽഗാവിൽ എന്‍സിപി നേതാവ് ശരദ് പവാറുമായി വേദി പങ്കിട്ട ചടങ്ങിലാണ് ഉദ്ധവിന്‍റെ വെല്ലുവിളി.

ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻസിപിയുടെ നിലപാട് തള്ളിയും ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസ് നയത്തിനെതിരെയും ഉദ്ധവ് പരസ്യനിലപാട് സ്വീകരിച്ചിരിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയിൽ സർക്കാർ വീഴുമെന്നും ഡിസംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും ബിജെപി പറഞ്ഞു പരത്തുന്നത്.

കർണാടകയ്ക്കു സമാനമായി മഹാരാഷ്ട്രയിലും 'ഓപ്പറേഷൻ താമര' നടത്താൻ കാത്തുനിൽക്കയാണ് ബിജെപി. ഇവിടെ ആ വിത്തു വിതക്കാന്‍ താൻ അവരെ വെല്ലുവിളിക്കുകയാണ്. ബാല്‍താക്കറെയുടെ മകനാണ് ഞാന്‍, ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ച് കാണിക്കട്ടെ- ഉദ്ധവ് പറ‍ഞ്ഞു. 25 വർഷം ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്ന പാർട്ടിയായ ശിവസേനയുടെ വികാരത്തെ അവർ അംഗീകരിച്ചില്ല. മഹാ വികാസ് അഘാഡി താൻ ആസൂത്രിതമായി ചെയ്ത പദ്ധതിയല്ല. പുതിയ സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും സേനയെ എത്രമാത്രം വിശ്വാസത്തിൽ എടുത്തെന്നു നോക്കൂ - ഉദ്ധവ് പറഞ്ഞു.

മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള മൂന്നു പാർട്ടികൾ ചർന്നുള്ളതാണു മഹാ വികാസ് അഘാഡി എന്ന മുന്നണി. പൊതുമിനിമം പരിപാടിയിൽ കേന്ദ്രീകരിച്ചാണ് സർക്കാരിന്റെ പ്രവർത്തനം. ജനങ്ങൾക്കും കർഷകർക്കും സാധാരണക്കാർക്കും ഉപകാരമുളള ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ മുന്നണി സർക്കാരിനെ അം​ഗീകരിച്ചു കഴി‍ഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഭീമ-കൊറേഗാവ് കേസ് എൻഐഎ ഏറ്റെടുത്തതിനെ ഉദ്ധവ് താക്കറെ അനുകൂലിച്ചതിൽ എൻസി നേതാവ് ശരദ് പവാർ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ്– എൻസിപി– ശിവസേനാ സഖ്യത്തിൽ ഭിന്നയുള്ളതായി പ്രചരിച്ചത്.

Next Story
Read More >>