ജസ്റ്റിസ് ലോയ കേസ് പുനരാരംഭിക്കാന്‍ ഉദ്ധവ്, അമിത് ഷാ കുടുങ്ങുമോ?

കഴിഞ്ഞദിവസം, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും, ലോയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു

ജസ്റ്റിസ് ലോയ കേസ് പുനരാരംഭിക്കാന്‍ ഉദ്ധവ്, അമിത് ഷാ കുടുങ്ങുമോ?

മുംബൈ: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം നടത്താൻ മഹാരാഷ്ട്ര മഹാ വികാസ് അഘാഡി സർക്കാരിനുമേൽ സമ്മർദ്ദം. ജസ്റ്റിസ് ലോയ കേസ് വീണ്ടും തുറക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടേക്കുമെന്നാണ് സൂചന.

ബി.ജെ.പി ദേശീയാദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ, 2014 ഡിസംബർ ഒന്നിനാണു ജസ്റ്റിസ് ലോയ മരിച്ചത്. നാഗ്പുരിൽ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയും ആയിരുന്നുവെന്നാണു റിപ്പോർട്ട്. കേസിന്റെ വിചാരണ വേളയിൽ അമിത് ഷാ കോടതിയിൽ ഹാജരാകാതിരുന്നതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അവസാന വാദം കേട്ട ജസ്റ്റിസ് ലോയ, ഡിസംബർ 15ന് അമിത് ഷാ നിർബന്ധമായും ഹാജരാകണമെന്ന് ഷായുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തന്നെ ലോയയുടെ മരണം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. ഇതിൽ ഒരു വ്യക്തത ആർക്കും ഇതുവരെ ഉണ്ടായിട്ടില്ല.

2018 ജനുവരിയിൽ ജസ്റ്റിസ് ലോയ കേസിൽ പുനരന്വേഷണത്തിന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ' ആർക്കെങ്കിലും ഈ മരണം സംശയമുണ്ടാക്കുന്നുണ്ടെങ്കിൽ, അവർ ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ നിഷ്പക്ഷമായ അന്വേഷണം നടത്തുകയും സത്യം പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ജസ്റ്റിസ് ലോയയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതിൽ അനീതിയൊന്നുമില്ലെങ്കിൽ എന്തിനാണ് പുനരന്വേഷണത്തെക്കുറിച്ച് ഭയപ്പെടുന്നത്.?'എന്നായിരുന്നു താക്കറെ അന്ന് ചോദിച്ചിരുന്നത്.

കഴിഞ്ഞദിവസം, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും, ലോയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അനുകൂല വിധി പറയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ബി.എച്ച് ലോയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ആവശ്യം.

ലോയയുടെ സഹോദരി അനുരാധ ബിയാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സൊഹ്റാബുദ്ദീൻ കേസിൽ പ്രതികൾക്ക് അനുകൂല വിധിയുണ്ടാകണമെന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ലോയയ്ക്ക് വാദ്ഗാനം ചെയ്തിരുന്നുവെന്നാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. അദ്ദേഹം മരിക്കുന്നതിന് കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരിയെ ഉദ്ധരിച്ച് 'ദ കാരവൻ' റിപ്പോർട്ട് ചെയ്തു. ലോയയുടെ പിതാവും ഇതേ കാര്യം പറഞ്ഞിരുന്നുവെന്ന് കാരവൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ, ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവൻ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിഗ് വിജയ് സിങ് പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ, കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു.

Read More >>