വരുന്നു, ആധാറുപോലെ മറ്റൊരു തിരിച്ചറിയൽ രേഖ; പൗരത്വം തെളിയിക്കേണ്ടി വരും

തീവ്രവാദം തടയുന്നതിനെന്ന പേരിൽ വ്യക്തിവിവരങ്ങൾ പൂർണമായും ശേഖരിക്കുന്ന ദേശീയ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) 2020 ജനുവരിയോടെ നിലവിൽവരുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു

വരുന്നു, ആധാറുപോലെ മറ്റൊരു തിരിച്ചറിയൽ രേഖ; പൗരത്വം തെളിയിക്കേണ്ടി വരും

ന്യൂഡൽഹി: ആധാർ പോലെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ഏകീകൃത തിരിച്ചറിയൽ കാർഡ് രാജ്യത്ത് കൊണ്ടുവരാൻ ആലോചിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആധാർ, പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡാവും ഇത്. മരണം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

'വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു തിരിച്ചറിയൽ രേഖ കൊണ്ടുവരാനുള്ള പദ്ധതി ഞങ്ങളുടെ പക്കലില്ല, പക്ഷേ ഇത് ഒരു സാദ്ധ്യതയാണ്.' അമിത് ഷാ പറഞ്ഞു. അസമിൽ നടത്തിയതുപോലെ രാജ്യമൊട്ടാകെ പൗരത്വ പട്ടിക പുതുക്കാനുള്ള ഒരു സാദ്ധ്യതയാണ് അമിത്ഷായുടെ വാക്കുകളിലുള്ളത് എന്നാണ് സൂചന. ഒരു പൗരന്റെ രജിസ്റ്റർ പ്രാപ്തമാക്കുന്നതിനുള്ള നിയമം ഇതിനകം തന്നെ നിലവിലുണ്ട്. എല്ലാ പൗരന്മാരെയും നിർബന്ധമായി രജിസ്റ്റർ ചെയ്യാനും വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകാനും പൗരത്വ നിയമം കേന്ദ്രത്തിന് അധികാരം നൽകുന്നുണ്ട്. ഇത് നടപ്പിലാക്കാൻ ആദ്യം സർക്കാർ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ടാമതായി ജനങ്ങൾ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടിയും വരും.

പൗരത്വ രജിസ്റ്ററിന്റേയോ തിരിച്ചറിയൽ കാർഡിന്റെയോ പ്രവർത്തനത്തെക്കുറിച്ച് അമിത് ഷാ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പകരം ചില ഗുണ വശങ്ങളെക്കുറിച്ച് പ്രതിബാധിക്കുക മാത്രമാണ് ചെയ്തത്. വ്യക്തികളെ അവരുടെ താമസസ്ഥലം അനുസരിച്ച് പട്ടികപ്പെടുത്തുന്ന ദേശീയ രജിസ്റ്റർ ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും വികസന പദ്ധതികൾക്കും സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, തീവ്രവാദം തടയുന്നതിനെന്ന പേരിൽ വ്യക്തിവിവരങ്ങൾ പൂർണമായും ശേഖരിക്കുന്ന ദേശീയ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) 2020 ജനുവരിയോടെ നിലവിൽവരുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. പൗരന്മാരുടെ വിമാന- ട്രെയിൻ യാത്ര, ഫോൺ വിളികൾ, ബാങ്ക് ഇടപാടുകൾ, ക്രെഡിറ്റ് കാർഡുപയോഗം, നികുതിവിവരങ്ങൾ തുടങ്ങിയവയെല്ലാം നാറ്റ്ഗ്രിഡിൽ ശേഖരിക്കും.

മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ യു.പി.എ സർക്കാരാണ് നാറ്റ്ഗ്രിഡ് ആശയം മുന്നോട്ടുവച്ചത്. 2010 ഏപ്രിൽ എട്ടിനാണ് പദ്ധതിക്ക് അംഗീകാരം നൽകിയതെങ്കിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ആഭ്യന്തരവകുപ്പിൽ അമിത് ഷാ എത്തിയതോടെ നടപടികൾ വേഗത്തിലാക്കി. ആധാറിനു സമാനമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൂടുതൽ കടന്നുകയറ്റം നടത്തുന്ന നാറ്റ്ഗ്രിഡ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആക്ഷേപമുണ്ട്. 3400 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന നാറ്റ്ഗ്രിഡിന്റെ പ്രവർത്തനപുരോഗതി ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു.

സംശയിക്കുന്ന ഏതൊരാളുടെയും വ്യക്തിവിവരങ്ങൾ നാറ്റ്ഗ്രിഡിൽനിന്ന് അന്വേഷണ ഏജൻസികൾക്ക് ശേഖരിക്കാനാകും. ഇന്റലിജൻസ് ബ്യൂറോ, റോ, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റവന്യൂ ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ്, പ്രത്യക്ഷ നികുതി കേന്ദ്രബോർഡ്, എക്സൈസ്- കസ്റ്റംസ് കേന്ദ്ര ബോർഡ്, കേന്ദ്ര എക്സൈസ്- ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തുടങ്ങി പത്ത് സർക്കാർ ഏജൻസികളെയും 21 സേവനദാതാക്കളെയുമാണ് ആദ്യ ഘട്ടത്തിൽ നാറ്റ്ഗ്രിഡുമായി ബന്ധിപ്പിക്കുക. സംസ്ഥാന ഏജൻസികളെ ബന്ധിപ്പിക്കില്ല. വിവരശേഖരണത്തിന് ഇവർക്ക് നാറ്റ്ഗ്രിഡിനെ സമീപിക്കാം.

എട്ടുകോടിയോളം നികുതിദായകരുടെ വിവരം ആദായനികുതിവകുപ്പിൽനിന്ന് നാറ്റ്ഗ്രിഡ് ശേഖരിച്ചു. വിമാനയാത്രക്കാരുടെ വിവരങ്ങൾക്ക് വ്യോമയാനമന്ത്രാലയവുമായും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലുമായും വിമാനക്കമ്പനികളുമായും ചർച്ച നടത്തുകയാണ്. ഇമിഗ്രേഷൻ വിവരങ്ങളും ബാങ്ക് ഇടപാട് വിവരങ്ങളും നാറ്റ്ഗ്രിഡിന് അപ്പപ്പോൾ ലഭ്യമാകും. നാറ്റ്ഗ്രിഡിന്റെ വിവരശേഖരണ കേന്ദ്രം ബംഗളൂരുവിലാണ്. ആസ്ഥാനം ഡൽഹിയിലും.

Read More >>