22 വര്‍ഷങ്ങള്‍ക്കിപ്പുറം ഗവര്‍ണറുടെ നടപടി ദേവഗൗഡയോടുള്ള പകപോക്കലോ

Published On: 17 May 2018 4:15 AM GMT
22 വര്‍ഷങ്ങള്‍ക്കിപ്പുറം ഗവര്‍ണറുടെ നടപടി ദേവഗൗഡയോടുള്ള പകപോക്കലോ

ബംഗളൂരു: കര്‍ണാടകയില്‍ അനിശ്ചിതത്വത്തിനും പിടിമുറുക്കത്തിനും ഒടുവില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ വിവേചനാധികാരം ബി.ജെ.പിക്ക് അനുകൂലമായി. ഗവര്‍ണറുടെ ഈ നടപടിക്ക് ഒരു പകപോക്കലിന്റെ സ്വരമുണ്ടെന്ന് വേണമെങ്കില്‍ പറായം.

സംഭവം നടക്കുന്നത് 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇന്നത്തെ ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷന്‍ ദേവഗൗഡ പ്രധാനമന്ത്രിയും ഗവര്‍ണര്‍ വാജുഭായി വാല ഗുജറാത്ത് മന്ത്രിയുമായിരുന്ന 1996. സുരേഷ് മേത്ത മന്ത്രിസഭയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബി.ജെ.പി നേതാവ് ശങ്കര്‍ സിംങ് വെഗേല പാര്‍ട്ടിക്കുളളില്‍ വിമതനാ
ക്കുകയും 40 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് വാദിക്കുകയും ചെയ്തു. ആ സമയത്ത് 121 എം.എല്‍.എമാരാണ് 182 അംഗ സഭയില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.

ഇതിനെ തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് ഗവര്‍ണര്‍ സുരേഷ് മേത്താ സര്‍ക്കാറിനോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് പൂര്‍ത്തീകിരിക്കുന്നത് മുമ്പ് തന്നെ സഭയില്‍ എം.എല്‍.എമാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയതു. വിഷയത്തില്‍ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ ഇടപെടുകയും സഭ പിരിച്ചു വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയതു. അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ ഉത്തരവില്‍ ഒപ്പിട്ടതോടെ വാജുഭായ് വാലയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായി. രാത്രിയോടെ ബി.ജെ.പി എം.എല്‍.എമാരെ രാഷ്ട്രപതി ഭവനില്‍ ഹാജരാക്കിയെങ്കിലും കാര്യങ്ങള്‍ മാറിയില്ല.

അന്ന് വിമത സ്വരം ഉയര്‍ത്തിയ വെഗേല രാഷ്ട്രീയ ജനതാ പാര്‍ട്ടി ഉണ്ടാക്കുകയും 1996 ഒക്ടോബറില്‍ അധികാരത്തില്‍ എത്തുകയും ചെയതു എന്നത് ചരിത്രം.

ഇതിന് സമാനമായ സംഭവങ്ങളാണ് 22 വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ കര്‍ണാടകയില്‍ നടക്കുന്നത്. ദേവഗൗഡ മകന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ അതേ വജുഭായിയുടെ ഉത്തരവിനായി കാത്തിരുന്നത്. പക്ഷേ ഒരു പകരം വീട്ടലെന്ന പോലെ ഗവര്‍ണറുടെ ക്ഷണം യെദ്യൂരപ്പയ്ക്കായിരുന്നു. ഒരുപക്ഷേ തീരുമാനം എടുക്കുമ്പോള്‍ വാജുഭായിയുടെ മനസിലും തീരുമാനത്തിന് കാത്തിരിക്കുമ്പോള്‍ ദേവഗൗഡയുടെ മനസിലും പഴയ സംഭവങ്ങള്‍ ഫ്‌ലാഷ് ബാക്കായി വന്നിരിക്കാം.

Top Stories
Share it
Top