ഗഡ്ചിരോലി മനുഷ്യക്കുരുതി: തെളിയുന്നത് ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം: വിഎസ്

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....

ഗഡ്ചിരോലി മനുഷ്യക്കുരുതി: തെളിയുന്നത് ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം: വിഎസ്

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതിനോടകം സ്ത്രീകളും ആദിവാസികളുമടക്കം മുപ്പതോളം പേരെ വെടിവെച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍.ശത്രുവിനെ ഉന്മൂലനം ചെയ്യുക എന്ന തെറ്റായ ലൈനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ശൈലിയെ തീര്‍ത്തും തള്ളിപ്പറയുമ്പോള്‍ത്തന്നെ, അതേ നാണയത്തില്‍ ജനങ്ങളെ വെടിവെച്ച് കൊല്ലുന്ന ഭരണകൂട രീതിയെയും അംഗീകരിക്കാനാവില്ല. എല്ലാം ഏറ്റുമുട്ടലുകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് മൃതദേഹങ്ങള്‍ കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പുഴയില്‍ ഒഴുകി നടക്കുന്നതായി കണ്ട, അര്‍ധനഗ്‌നരായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ വാദവുമായി പൊരുത്തപ്പെടുന്നില്ല.

അവിടെ ആദിവാസികളും ദളിതരും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിനു പകരം, പ്രശ്‌നമുന്നയിക്കുന്നവരെയടക്കം തോക്കുകൊണ്ട് നേരിടുന്നത് ജനാധിപത്യ രീതിയല്ല.മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തണമെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ നടക്കുന്ന എല്ലാ ജനകീയ സമരങ്ങളിലും മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതും ഭരണകൂട ഭീകരതയാണ്. അതാണ് ബിജെപി മഹാരാഷ്ട്രയില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടത്തുന്നത്. ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് മഹാരാഷ്ട്രയിലും വ്യക്തമാവുന്നതെന്നുംവിഎസ് പറഞ്ഞു.

Story by
Read More >>